Your Image Description Your Image Description

ലൈം​ഗികരോ​ഗമായ ​ഗൊണോറിയയ്ക്ക് ഫലപ്രദമായ മരുന്നുണ്ടെന്ന് ​ഗവേഷകർ. ജെപോറ്റിഡ‍ാസിൻ എന്ന ആന്റിബയോട്ടിക് ​ഗൊണോറിയയ്ക്ക് ഫലപ്രദമെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്കാണ് നിലവിൽ ജെപോറ്റിഡ‍ാസിൻ ഉപയോ​ഗിക്കുന്നത്. ജെപോറ്റിഡ‍ാസിൻ നൽകുന്നതിലൂടെ ​ഗൊണോറിയ ഭേ​ദമാകുമെന്നാണ് ബ്രിട്ടനിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

ദി ലാൻസെറ്റ് ജേർണലിലാണ് ​ഗൊണോറിയയ്ക്ക് ജെപോറ്റിഡ‍ാസിൻ ഫലപ്രദമാണെന്ന പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സങ്കീർണമായ രീതിയിൽ ​ഗൊണോറിയ ബാധിച്ചവരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ​ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഗൊണോറിയ രോ​ഗം ബാധിച്ച് ​ഗുരുതരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന 628 പേരിലാണ് പഠനം നടത്തിയത്.

​ഇവരിൽ പകുതിപേർക്ക് ജെപോറ്റിഡാസിന്റെ രണ്ടുഡോസ് ഗുളിക രൂപത്തിലും മറുപകുതിക്ക് സെഫ്ട്രിയാക്സോൺ ഇഞ്ചക്ഷനായും അസിത്രോമൈസിൻ ഗുളികയായും നൽകി. തുടർന്ന് നടത്തിയ പരിശാേധനയിലാണ് ജെപോറ്റി‍ഡാസിൻ കഴിച്ചവരിൽ 93ശതമാനത്തിന്റേയും രോ​ഗം ഭേദമായതായി കണ്ടെത്തിയത്. മറു​ഗ്രൂപ്പിൽ 91ശതമാനമാണ് രോ​ഗമുക്തി നേടിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ നടത്തിയ മരുന്നുപരീക്ഷണത്തിൽ ഏറ്റവുമധികം ഫലപ്രദമായ മരുന്നുമാണിത്.

നേരത്തേ മൂത്രാശയാണുബാധയ്ക്ക് നൽകിവന്നിരുന്ന മരുന്നാണ് ജെപോറ്റി‍ഡാസിൻ. ഇതാദ്യമായാണ് ​ഗൊണോറിയയ്ക്ക് പ്രസ്തുത മരുന്ന് പരീക്ഷണമായി നൽകിയത്. ചിലരിൽ ഓക്കാനം, വയറിളക്കം തുടങ്ങിയ ചെറിയ പാർശ്വഫലങ്ങൾ പ്രത്യക്ഷമായെങ്കിലും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

യു.കെ.യിൽ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ​ഗൊണോറിയയുടെ വർധനവ് കൂടിയ സാഹചര്യത്തിലാണ് മരുന്ന് പരീക്ഷണം നടത്താൻ തീരുമാനമായതെന്ന് യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. 2024 ജനുവരി മുതൽ 2025 മാർച്ച് വരെ മാത്രം ​സെഫ്ട്രിയാക്സോണിനെ പ്രതിരോധിക്കുന്ന 17 ​ഗൊണോറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം ജെപോറ്റിഡാസിന്റെ ഉപയോ​ഗത്തിലും കരുതൽ വേണമെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അധികൃതർ പറയുന്നുണ്ട്. പുതിയ മരുന്ന് പ്രതീക്ഷ പകരുന്നതാണെങ്കിലും അമിതോപയോ​ഗം ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണമാകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

​ഗൊണോറിയ

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയാണ് ലൈംഗിക രോഗം അഥവാ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്. സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗമാണ് ​ഗൊണോറിയ. യോനീസ്രവത്തിലൂടെയും ശുക്ലത്തിലൂടെയുമാണ് രോ​ഗം പകരുന്നത്. പ്രസവത്തിലൂടെ അമ്മയിൽ നിന്ന് കുഞ്ഞിനും രോ​ഗം പിടിപെടാം. Neisseria gonorrhoeae എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ആന്റിബയോട്ടിക് ചികിത്സകളാണ് നിലവിൽ ​ഗൊണോറിയക്ക് നൽകിവരുന്നത്. പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയിൽനിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകർച്ച തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കാമെന്നതിനാൽ സ്ത്രീകൾ ലൈംഗികരോഗങ്ങൾ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്. ഗൊണേറിയ ബാധിച്ചാൽ മഞ്ഞയും പച്ചയും കലർന്ന സ്രവം പുറത്ത് വരുന്നതോടൊപ്പം ലൈഗികാവയവങ്ങളിൽ കടുത്ത വേദനയും ചിലപ്പോൾ രക്തസ്രാവവും ഉണ്ടാകും.

ലൈം​ഗിക രോ​ഗങ്ങളെ അകറ്റിനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക.
നിരവധി ആളുകളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
കോണ്ടം ഉപയോഗിക്കുക.
കുത്തിവയ്ക്കാൻ ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കരുത്.
പരിശോധനകൾ എല്ലാം നടത്തിയ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ രക്തം സ്വീകരിക്കാവൂ.
ലൈംഗിക പങ്കാളിയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ നൽകണം.
രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് ജീവിതം മുന്നോട്ടുനയിക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *