കേരളം ഈ തവണ വിഷു ആഘോഷിച്ചത് വല്ലാത്ത സന്തോഷത്തോടു കൂടിയാണ്. പൊന്നിന് ഏകകാലത്തെയും ഞെട്ടിക്കുന്ന വിലക്കുറവിന്റെ ആ സന്തോഷം വിഷു ആഘോഷിച്ച എല്ലാ മലയാളികളുടെയും മനാസ്സിനെ കുളിരണിയിച്ചു എന്ന് തന്നെ പറയാം. ഈ കണക്കിനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സ്വർണത്തിന്റെ വില കൂടി തുടങ്ങിയ അന്നത്തേതിൽ ചെന്ന് നിൽക്കുമെന്നാണ് കേൾക്കുന്നത്.
കേരളത്തിൽ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. അന്തർദേശീയ വിപണിയിൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയിരിക്കെയാണ് കേരളത്തിൽ കുറഞ്ഞിരിക്കുന്നത്. സാധാരണ അന്തർദേശീയ വിപണിയിൽ വില കൂടുമ്പോൾ കേരളത്തിലും ഉയരേണ്ടതാണ്. പുതിയ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കേരളത്തിലും സ്വർണവില ഉയർന്നേക്കും. കേരളത്തിൽ റെക്കോർഡ് വിലയിലെത്തിയ സ്വർണം ഇന്ന് 70000ത്തിന് താഴെക്ക് വീണു.
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ഡോളർ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയുമാണ്. ഇന്ത്യൻ രൂപ അൽപ്പം മെച്ചപ്പെട്ടത് ആശ്വാസമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ചുങ്കപ്പോര് ഡോളറിന്റെ വിശ്വാസ്യത തകർത്തിരിക്കുകയാണ്. സ്വർണവില കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല.
22 കാരറ്റ് സ്വർണം ഗ്രാമിന് 8720 രൂപയാണ് ഇന്ന് കേരളത്തിൽ നൽകേണ്ടത്. 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 280 രൂപ താഴ്ന്ന് 69760 രൂപയിലെത്തി. തിങ്കളാഴ്ച 120 രൂപ കുറഞ്ഞിരുന്നു. അതായത്, രണ്ട് ദിവസങ്ങളിലായി 400 രൂപയാണ് പവന് കുറഞ്ഞത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7180 രൂപയായി. വെള്ളി ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
ഇന്ന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കാം. 24, 22, 18, 14 കാരറ്റുകളിലാണ് സ്വർണം വിൽക്കുന്നത്. 24 കാരറ്റിൽ തങ്കമാണ് ലഭിക്കുക. ബാർ ആയും കോയിൻ ആയും ഇവ കിട്ടും. വിൽക്കുന്ന സമയം വലിയ നഷ്ടമില്ലാതെ പണമാക്കി മാറ്റാനും സാധിക്കും. അതേസമയം, 22 കാരറ്റിൽ ആഭരണങ്ങളും കോയിനുമാണ് ലഭിക്കുക.
ഇത്രയും വില കൂടിയ വേളയിൽ ആഭരണം വാങ്ങുന്നത് നഷ്ടമാണ്. കാരണം, പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി സ്വർണാഭരണം വാങ്ങുമ്പോൾ നൽകണം. ഈ ആഭരണം വിൽക്കുമ്പോൾ ഇവയെല്ലാം നഷ്ടമാകുകയും ചെയ്യും. 22 കാരറ്റിനേക്കാൾ 12000 രൂപയോളം കുറവാണ് 18 കാരറ്റിലെ ആഭരണങ്ങൾക്ക്. ഇതിനേക്കാൾ 8000 രൂപയോളം കുറവാണ് 14 കാരറ്റിന്.
വില കുത്തനെ വർധിച്ച സാഹചര്യത്തിൽ ആഭരണ വിൽപ്പന കുറഞ്ഞിട്ടുണ്ട്. ജ്വല്ലറികൾ ഈ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം എടുക്കുന്നവർ പഴയ ആഭരണങ്ങൾ പുതുക്കി വാങ്ങുകയാണ് പലരും ചെയ്യുന്നത്. പഴയ ആഭരണം കൊടുത്ത് പുതിയത് വാങ്ങുമ്പോഴും നഷ്ടം വരും. വീണ്ടും പണം കൂട്ടിച്ചേർത്തു വേണം ആഭരണം വാങ്ങാൻ.
അന്തർദേശീയ വിപണിയിൽ ഔൺസ് സ്വർണത്തിന് 3227 ഡോളറാണ് പുതിയ വില. വിപണിയിൽ അസ്ഥിരത നിൽക്കുന്നതിനാൽ പല രാജ്യങ്ങളും നിക്ഷേപകരും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ കേരള വിപണിയിലും വില കൂടിയേക്കും. ഡോളർ സൂചിക 100ന് താഴെയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം 85.72 ആയി. ക്രൂഡ് ഓയിൽ വില 65 ഡോളർ ആയി ഉയർന്നു.
ബ്രെന്റ് ക്രൂഡ് ബാരലിന്റെ വിലയാണ് 65 ഡോളർ പിന്നിട്ടത്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 61 ഡോളറാണ്. യുഎഇയുടെ മർബൺ ക്രൂഡിന് 66 ഡോളറും. ക്രൂഡ് വില നേരത്തെ 80 ഡോളറിന് മുകളിലായിരുന്നു. ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം കൂട്ടാൻ തീരുമാനിച്ചതും അമേരിക്കയുടെ വ്യാപാര നയവുമാണ് വില പൊടുന്നനെ താഴ്ത്തിയത്.
ക്രൂഡ് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലതാണ്. കാരണം ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, സൗദി അറേബ്യ ഏഷ്യയിലേക്ക് നൽകുന്ന ക്രൂഡിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചതും ഇന്ത്യയ്ക്ക് നേട്ടമാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങുന്നത്.