Your Image Description Your Image Description

വേനൽക്കാലം ആയതോടെ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ആരോ​ഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ പ്രത്യേക പരി​ഗണന നൽകേണ്ട സമയമാണ് വേനൽക്കാലം. ചൂട് കൂടുന്നതോടെ ചർമത്തിൽ കരിവാളിപ്പും, വിയർപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉണ്ടാകും. കൃത്യമായ പരിപാലനത്തിലൂടെ വേനൽച്ചൂടിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കൃത്യമായ പരിപാലനം കൂടിയേ മതിയാകൂ. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില ഭക്ഷണശീലങ്ങൾ ചർമസംരക്ഷണത്തിന് ​ഗുണം ചെയ്യും. ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും വേനൽക്കാലത്തെ ആരോ​ഗ്യപ്രശ്നങ്ങളെ തടയിടാൻ സഹായിക്കും. വേനൽക്കാലത്ത് ശീലമാക്കേണ്ട ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;

തക്കാളി

ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റുകളാൻ സമ്പന്നമാണ് തക്കാളി. അൾട്രാ വയലറ്റ് രശ്മികൾ മൂലം ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ ചെറുക്കാൻ ലൈക്കോപീൻ സഹായിക്കുന്നു. പാകം ചെയ്ത തക്കാളി കഴിക്കുന്നത് ലൈക്കോപീൻ ആ​ഗീരണം വർദ്ധിപ്പിക്കുന്നു. ലൈക്കോപീൻ കൊളാജൻ ഉൽപ്പാദനത്തെ കൂട്ടുന്നു. ചർമത്തിലുണ്ടാകുന്ന ചുളിവുകൾ നിയന്ത്രിക്കാനും സഹായിക്കും.

വെള്ളരിക്ക

വെള്ളരിക്കയിൽ 95 ശതമാനവും അടങ്ങിയിരിക്കുന്ന ഘടകം വെള്ളമാണ്. ശരീരത്തിലെ ജലാംശം നിലനിർ‌ത്താൻ സഹായിക്കുന്ന ഒരു പവർഹൗസാണിത്. ചൂട് കാലത്ത് വെള്ളരിക്ക ധാരാളം കഴിക്കുന്നത് ചർമത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്. ക്ഷീണം അകറ്റി ശരീരത്തിന് ഉണർവ്വ് നൽകാൻ ഈ പച്ചക്കറിക്ക് സാധിക്കും. സാലഡായും ജ്യൂസായുമെല്ലാം വെള്ളരിക്ക കഴിക്കാം. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന സിലിക്ക കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചർമത്തെ മൃദുവും മിനുസമാർന്നതുമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന കുക്കുർബിറ്റാസിനെന്ന ഘടകം ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.

തണ്ണിമത്തൻ

ജലം, ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ തണ്ണിമത്തൻ വേനൽക്കാലത്തെ താരമാണ്. വിശപ്പും ദാഹവും ശമിപ്പിക്കുന്നതോടൊപ്പം ആവശ്യമായ പോഷകങ്ങളും തണ്ണിമത്തൻ പ്രധാനം ചെയ്യുന്നു. സൂര്യപ്രകാശമേറ്റ് ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ് കുറയ്ക്കാനും മറ്റ് കേടുപാടുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും തണ്ണിമത്തൻ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്തുകയും കൊളാജൻ ഉൽപ്പാദനം കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

പുളിയുള്ള പഴവർ​ഗങ്ങൾ

ചർമ്മത്തിന്‍റെ ആരോ​ഗ്യത്തിന് നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സിയുടെ കലവറയാണ് പുളിയുള്ള പഴങ്ങളായ ഓറഞ്ച്, നാരങ്ങ, ​​ഗ്രേപ്പ് ഫ്രൂട്ട് മുതലായവ. ചൂട്, വരണ്ട കാറ്റ് തുടങ്ങിയ വേനൽക്കാലപ്രശ്നങ്ങളിൽ ചർമത്തിന് ഒരു കവചമായി ഇവ പ്രവർത്തിക്കും. ചർമത്തിലെ പി​ഗ്മെന്റേഷൻ കുറയ്ക്കാനും നിറം വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു.

ഇലക്കറികൾ

ബീറ്റാ കരോട്ടീൻ, അയൺ, ആന്റി ഓക്സിഡന്റ്സുകൾ എന്നിവ ഇലക്കറികളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ നിത്യേനയുള്ള ആഹാരക്രമത്തിന്റെ ഭാ​ഗമാക്കുന്നത് ഉത്തമമാണ്. ചർമ്മത്തെ ശുദ്ധീകരിച്ച് സ്വഭാവിക തിളക്കം നിലനിർത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു. മുഖക്കുരുവും പാടുകളും കുറയ്ക്കാനും സഹായിക്കുന്നു.

യോ​ഗർട്ട്/ തൈര്

ചർമത്തിന് നിറം വർദ്ധിപ്പിക്കാനും മൃദുത്വം നൽകാനും തൈര് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിനായി ആരോ​ഗ്യമുള്ള കുടൽ പ്രധാനമാണ്. ശരീരത്തിന് കുളിർമ ലഭിക്കാനും തൈര് കഴിക്കുന്നത് ​ഗുണം ചെയ്യും.

വിത്തുകളും നട്സുകളും

ഒമേ​ഗ-3 ഫാറ്റി ആസിഡ്സ്, വിറ്റാമിൻ സി, സിങ്ക് എന്നിവയാൽ സമ്പുഷ്ടമായ നട്സുകളും വിത്തുകളും ആഹാരത്തിന്റെ ഭാ​ഗമാക്കാം. ഇൻഫ്ലമേഷനും ചർമത്തിലെ വരൾച്ചയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നതിനും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഇവ സഹായിക്കും. ഫ്ലാക് സീഡ്, ചിയാ സീഡ്, ബദാം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്;

ശീതളപാനിയങ്ങൾ, സോഡ എന്നിവ ഒഴിവാക്കേണ്ടതാണ്. ഇവ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നു. ശീതളപാനിയങ്ങൾ പതിവാക്കുന്നത് മുഖക്കുരുപോലുള്ള ചർമ്മപ്രശ്നങ്ങൾക്ക് ഇടയാക്കും. സംസ്കരിച്ച പാക്കറ്റ് ഭക്ഷണങ്ങൾ ചർമ്മത്തിലെ എണ്ണമയം വർദ്ധിപ്പിക്കുകയും മൃദുത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അമിതമായി കാപ്പി കുടിക്കുന്ന ശീലം ചർമ്മ വരൾച്ചയ്ക്ക് ഇടയാക്കും. ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ഭക്ഷണമാണ് വേനൽക്കാലത്ത് അഭികാമ്യം.

Leave a Reply

Your email address will not be published. Required fields are marked *