Your Image Description Your Image Description

ആലപ്പുഴ: വീട്ടുജോലി ചെയ്ത വകയിൽ കുടിശ്ശികയുണ്ടായിരുന്ന ശമ്പളം ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്ക് ക്രൂരമര്‍ദനം. കരുവാറ്റ സ്വദേശിനിയായ രഞ്ജിമോള്‍(37)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുമാരപുരം താമല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്‍, ഇയാളുടെ മകന്‍ സൂരജ് എന്നിവര്‍ക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി എട്ടരയോടെ രഞ്ജിമോള്‍ ജോലിചെയ്യുന്ന ബേക്കറിയിലെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ രഞ്ജിമോള്‍ ഒന്നരവര്‍ഷത്തോളം വീട്ടുജോലിചെയ്തിരുന്നു. ഇതിന്റെ ശമ്പളമായി 76,000 രൂപ ലഭിക്കാനുണ്ടെന്നാണ് രഞ്ജിമോള്‍ പറയുന്നത്. ശമ്പളകുടിശ്ശിക കിട്ടാത്തതിനാല്‍ രഞ്ജിമോള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രഞ്ജിമോളെ ക്രൂരമായി ആക്രമിക്കുന്നതും അസഭ്യംപറയുന്നതും മറ്റുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും പ്രതികൾ പിന്മാറാതെ ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.

രാത്രി ബേക്കറിയിലെത്തിയ പ്രതികള്‍ യുവതിയെ കടയില്‍നിന്ന് പുറത്തേക്ക് വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും അസഭ്യംപറയുകയുമായിരുന്നു. യുവതിയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിക്കുകയുംചെയ്തു. അടികൊണ്ട് നിലത്തുവീണിട്ടും വീണ്ടും ചവിട്ടിപരിക്കേല്‍പ്പിച്ചു. യുവതി കടയ്ക്കുള്ളിലേക്ക് ഓടിക്കയറിയിട്ടും പ്രതികള്‍ ഇവരെ പിന്തുടര്‍ന്നെത്തി ചവിട്ടി തള്ളിയിടുകയും വീണ്ടും മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് ‘ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ല’ എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കടന്നുപിടിച്ചതായും പരാതിയിലുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ രഞ്ജിമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *