Your Image Description Your Image Description

കൊല്ലം: ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയിൽ. കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി ഈ വാടക വീട്ടിലാണ് പിജി മനു താമസിച്ചിരുന്നത്. എറണാകുളം പിറവം സ്വദേശിയായ മനുവി​ന്റെ മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *