Your Image Description Your Image Description

22 കാരിയായ യുവതിയുടെ പ്രസവം അർജ​ന്റീനയിൽ നടത്തി ഇവിടുത്തെ പൗരത്വം നേടാൻ മനപ്പൂർവ്വ ശ്രമം നടത്തിയെന്ന സംശയത്തിൽ റഷ്യൻ കൾട്ട് നേതാവും സംഘവും അർജ​ന്റീനിയൻ പോലീസി​ന്റെ പിടിയിൽ.
ആശ്രം ഷംബാല മതസംഘടനയുടെ സ്ഥാപകൻ കൂടിയായ കോൺസ്റ്റാന്റിൻ റുഡ്‌നേവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംശയിച്ചാണ് അറസ്റ്റ്. റുഡ്‌നെവ് ഉൾപ്പടെ മതസംഘടനയുടെ ഭാഗമാണെന്ന് കരുതുന്ന ഒരു ഡസനിലധികം റഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് 21 -നാണ് പ്രസവത്തിനായി ഒരു റഷ്യൻ യുവതി പാറ്റഗോണിയൻ നഗരമായ ബാരിലോച്ചെയിലെ ഒരു ആശുപത്രിയിൽ എത്തിയത്. അവർക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. നാല് ദിവസം മുമ്പും ഈ സ്ത്രീകൾ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, ​ഗർഭിണിയായ യുവതിയുമായി എങ്ങനെയാണ് ബന്ധം എന്ന് ചോദിച്ചപ്പോൾ കൂടെയുള്ളവർ അത് വിവരിക്കാൻ പാടുപെടുന്നത് കണ്ടതോടെയാണ് ആശുപത്രിയിലുള്ളവർക്ക് സംശയം തോന്നിയത്.

അർജന്റീനയിലെ പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും റിപ്പോർട്ടുകൾ പ്രകാരം, ഗർഭിണിയായ സ്ത്രീ ആകെ പരിഭ്രാന്തിയോടെയാണ് കാണപ്പെട്ടത്. മാത്രമല്ല, പോഷകാഹാരക്കുറവും ഉണ്ടായിരുന്നു. അതേസമയം അവളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകൾ അവളെ അധികം സംസാരിക്കാനും അനുവദിക്കുന്നുണ്ടായിരുന്നില്ല.

കുട്ടി ജനിച്ച ശേഷം കുട്ടിയുടെ അച്ഛന്റെ പേരായി റുഡ്നേവ് എന്ന് നൽകാനാണ് ​കൂടെയുണ്ടായിരുന്ന സ്ത്രീകൾ ആവശ്യപ്പെട്ടത്. ഇതോടെ സംശയം ബലപ്പെട്ടു. യുവതി ഇയാളുടെ ആശ്രമത്തിലുണ്ടായിരുന്നതായിരിക്കാം എന്നാണ് കരുതുന്നത്. പിന്നാലെ, റുഡ്നേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം മറ്റ് നിരവധിപ്പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

​ഗർഭിണിയായിരുന്ന യുവതിയുടെ കൂടെയുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. അവരുടെ വീട്ടിൽ പൊലീസ് റെയ്ഡും നടത്തി. നിലവിൽ ആർക്കുമെതിരെ കേസ് എടുത്തിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *