കാസര്‍കോട്: കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ. ബിയര്‍-വൈൻ പാര്‍ലര്‍ വന്നാൽ നാട് ദുരിതത്തിലാകുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിലാണ് കാസര്‍കോട് നീലേശ്വരം കോട്ടപ്പുറവും ഉള്‍പ്പെട്ടിരിക്കുന്നത്. അനുമതി നൽകിയതോടെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. നിരവധി വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും മദ്രസകളും അടുത്തുള്ള കോട്ടപ്പുറം തീരദേശത്ത് ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കോട്ടപ്പുറത്ത് ബിയര്‍ പാര്‍ലര്‍ തുടങ്ങരുതെന്ന് കാണിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്