Your Image Description Your Image Description

അമേരിക്കയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചൈനയിലും ഇന്ത്യയിലും പ്രധാന ഉത്പാദന കേന്ദ്രമുള്ള ആപ്പിളിന് വന്‍ തിരച്ചടിയാണ് നല്‍കിയത്. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ അമേരിക്കയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് കമ്പനി.

ഉയര്‍ന്ന ഇറക്കുമതി തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഗോള ഭീമന്മാരില്‍ ആപ്പിളുമുണ്ട്. ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍ ചൈനയും ഇന്ത്യയും വിയറ്റ്‌നാമുമാണ്. അമേരിക്കന്‍ വിപണിയിലേക്കുള്ള ഐഫോണുകളും ഈ രാജ്യങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. നിലവില്‍ ഉത്പാദന ചിലവിനേക്കാള്‍ വലിയ ഉയര്‍ന്ന വിലക്കാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഉദാഹരണത്തിന് ചൈനയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 16 പ്രോമാക്‌സ് മോഡലിന് 580 ഡോളറാണ് ഉത്പാദന ചിലവെന്നാണ് സ്വതന്ത്ര ടെക്‌നോളജി കമ്പനികളുടെ പഠനങ്ങള്‍ പറയുന്നത്. ഇത് എകദേശം ഇരട്ടി വിലക്കായിരുന്നു കമ്പനി അമേരിക്കയിലടക്കം വിറ്റഴിച്ചിരുന്നത്. പുതിയ ഇറക്കുമതി തീരുവ നടപ്പാകുന്നതോടെ 580 ഡോളറില്‍ നിന്നും 850 ഡോളറായി ഉത്പാദന ചിലവ് ഉയരും.

ഉയര്‍ന്ന തീരുവയുടെ അധിക ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഉത്പന്നങ്ങളുടെ വില കൂട്ടുകയോ മാത്രമേ മാര്‍ഗ്ഗമുള്ളൂ. രണ്ടായാലും തിരിച്ചടിയാണ്. ഒന്നുകില്‍ ലാഭം കുത്തന കുറയും അല്ലെങ്കില്‍ വില കൂട്ടിയത് വില്‍പ്പനയെ ബാധിക്കും. സെപ്റ്റംബറിലെ ഐഫോണ്‍ 17 സീരിസ് വിപണിയില്‍ എത്തുന്നതോടെ വില വര്‍ധന നിലവില്‍ വന്നേക്കും. പ്രതിസന്ധിയെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വില 8 ശതമാനത്തോളമാണ് അമേരിക്കന്‍ വിപണിയില്‍ ഇടിഞ്ഞത്.. പുതിയ തീരുവ നടപ്പാക്കുന്നതിന് മുമ്പ് പരമാവധി സ്റ്റോക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ ദിവസം ഇന്‍ഡ്യയില്‍ നിന്ന് 5 ചരക്ക് വിമാനം നിറയെ ഐഫോണുകള്‍ അമേരിക്കയില്‍ എത്തിച്ചു. ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും മറ്റ് മോഡലുകളും എത്തിച്ചു.

ഉയര്‍ന്ന ഇറക്കുമതി തീരുവയെ മറികടക്കാന്‍ ആപ്പിളിന്റെ ഉത്പാദന കേന്ദ്രങ്ങള്‍ അമേരിക്കയിലേക്ക് മാറ്റുന്നതും പ്രായോഗികമല്ലെന്നാണ് വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഉയര്‍ന്ന് കൂലിതന്നെ കാരണം. മാത്രമല്ല അത്രയും വിദഗ്ധരായ സാങ്കേതിക തൊഴിലാളികളും ലഭ്യമല്ല. ചൈനയേക്കാളും വിയറ്റ്‌നാമിനേക്കാളും കുറഞ്ഞ ഇറക്കുമതി തീരുവയുള്ള രാജ്യം ഇന്ത്യയായതിനാല്‍ ആപ്പിള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് അന്താരാഷ്ട്ര വാണിജ്യ പഠന റിപ്പര്‍ട്ടുകളും പറയുന്നത്. അല്ലെങ്കില്‍ ഉത്പാദന യൂണിറ്റുകള്‍ മുഴുവനായി ബ്രസീലിലേക്ക് മാറ്റണം. കാരണം ബ്രസീലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ 10 ശതമാനം മാത്രമേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *