Your Image Description Your Image Description

പത്തനംതിട്ട: തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയ സംഭവം. പത്തനംതിട്ട റാന്നി ബ്ലോക്കുപടി സ്വദേശി സുനിൽ എബ്രഹാമി​ന്റെ പരാതിയിൽ ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനാണ് സുനിൽ എബ്രഹാം തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക അന്വേഷണം.

കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയിൽ പരിക്കുപറ്റി സുനിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ജീവനക്കാർ മുറിവ് തുന്നിക്കെട്ടിയതിനുള്ളിൽ ഉറുമ്പുകളെയും പിന്നീട് കണ്ടെത്തിയെന്നായിരുന്നു ആക്ഷേപം. അഞ്ച് തുന്നലുകളിട്ട ശേഷം സി.ടി സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചിരുന്നു. യാത്രാമധ്യേ മുറിവിനുള്ളിൽ അഹസനീയമായ വേദനയുണ്ടായി. സ്കാനിങ്ങിൽ രണ്ട് ഉറുമ്പുകളെ കണ്ടെത്തിയെന്നും തുടർന്ന് താലൂക്ക് ആശുപത്രിയിൽ ആദ്യമിട്ട തുന്നിക്കെട്ട് വീണ്ടും ഇളക്കി മുറിവ് വൃത്തിയാക്കി പിന്നെയും തുന്നിക്കെട്ടേണ്ടിവന്നെന്നാണ് സുനിലിന്‍റെ പരാതി.

റാന്നി ആശുപത്രിയിലെ ജീവനക്കാർ വൃത്തിഹീനമായി മുറിവ് തുന്നിക്കെട്ടിയത് കൊണ്ടാണ് ഉറുമ്പുകളും കയറിക്കൂടിയതെന്നും സുനിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. അന്വേഷണ റിപ്പോർട്ട് വൈകാതെ ഡിഎംഒയ്ക്ക് സമർപ്പിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് വിശദമായ പരാതി നൽകാനാണ് സുനിൽ എബ്രഹാമിന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *