Your Image Description Your Image Description

മലപ്പുറം: കോഡൂരില്‍ വീട്ടില്‍ വച്ചുള്ള പ്രസവത്തിനിടെ ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. ആശുപത്രിയില്‍ പോയി യുവതി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്. യുവതിയെ മരണത്തിലേക്ക് തള്ളിയിട്ടെന്ന കാരണത്താൽ യുവതിയുടെ കുടുംബം സിറാജുദ്ദീനെ കയ്യേറ്റം ചെയ്തു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്.

അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് സിറാജുദ്ദീന്‍. അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാള്‍ ചികിത്സ പഠിച്ചു. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ വച്ചാണ് നടത്തിയത്. അതില്‍ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും അക്യുപങ്ചര്‍ പഠിച്ചിരുന്നു. അസ്മയുടെ മരണ വിവരം സിറാജുദ്ദീന്‍ മറച്ചുവെച്ചെന്ന് അയല്‍വാസി പറയുന്നു. ചോര കുഞ്ഞിനെ പോലും ആശുപത്രിയില്‍ എത്തിച്ചില്ല. പെരുമ്പാവൂരില്‍ എത്തിയശേഷം അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

യുവതി മരിച്ചെന്ന് ഉറപ്പായതോടെ ആംബുലന്‍സില്‍ യുവതിയുടെ മൃതദേഹം പെരുമ്പാവൂരില്‍ എത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജുദ്ദീന്റെ ശ്രമം. യുവതിക്ക് ശ്വാസമുട്ടലാണെന്നാണ് ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.

കാസര്‍കോട് പള്ളിയില്‍ ജോലി ചെയ്യുന്ന ആളെന്ന നിലയിലാണ് ഇവര്‍ക്ക് വീട് നല്‍കിയതെന്ന് വാടക ഉടമ പറയുന്നു. ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. ഇവര്‍ വീട്ടില്‍ ചികിത്സ നടത്തിയത് സംബന്ധിച്ച് ആര്‍ക്കും വിവരമില്ല. യുവതി ഗര്‍ഭിണി ആയിരുന്ന കാര്യം മറച്ചുവച്ചിരുന്നതായി വാര്‍ഡ് മെമ്പര്‍ സാദിഖ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പൊലീസ് വിളിക്കുമ്പോഴാണ് യുവതിയുടെ മരണവിവരം അറിയുന്നതെന്നും ജനുവരിയില്‍ ആശാ വര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്നാണ് അറിയച്ചതെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ആശാ വര്‍ക്കറുമായി സംസാരിക്കുമ്പോള്‍ ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ തയ്യാറായില്ലെന്നും മെമ്പര്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *