Your Image Description Your Image Description

അമേരിക്കന്‍ ഇവി നിര്‍മ്മാതാക്കളായ ടെസ്ല ഇന്‍കോര്‍പ്പറേറ്റഡും ഇന്ത്യന്‍ ബാറ്ററി നിര്‍മ്മാതാക്കളായ ടെസ്ല പവറും തമ്മില്‍ വ്യാപാരമുദ്ര ലംഘനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ല ഇന്‍കോര്‍പ്പറേറ്റഡും ഗുരുഗ്രാം ആസ്ഥാനമായുള്ള ബാറ്ററി നിര്‍മ്മാതാക്കളായ ടെസ്ല പവര്‍ ഇന്ത്യയും തമ്മിലുള്ള വ്യാപാരമുദ്രയെച്ചൊല്ലിയുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. തുടര്‍ന്ന്, അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ കമ്പനിയുടെ വ്യാപാരമുദ്ര ലംഘന തര്‍ക്കം ഏപ്രില്‍ 15 ന് കേള്‍ക്കാന്‍ അടുത്തിടെ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചു.

ഈ രണ്ട് കമ്പനികള്‍ തമ്മിലുള്ള വ്യാപാരമുദ്രയെച്ചൊല്ലിയുള്ള തര്‍ക്കം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ടെസ്ല പവര്‍ ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം മെയ് 2 ന് ഡല്‍ഹി ഹൈക്കോടതിയില്‍ ടെസ്ല ഇന്‍കോര്‍പ്പറേറ്റഡ് ഒരു വ്യാപാരമുദ്ര ലംഘന കേസ് ഫയല്‍ ചെയ്തിരുന്നു. എലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയുമായി ബന്ധമുണ്ടെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനി ‘ടെസ്ല’ പേരും ലോഗോയും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഒരുപക്ഷേ അതിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും ആരോപിച്ചായിരുന്നു അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് ഇന്ത്യന്‍ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ടെസ്ല പവര്‍ എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായും ആരോപണമുണ്ടായിരുന്നു.

അതിനുശേഷം, വ്യാപാരമുദ്ര ലംഘനം ആരോപിച്ചുള്ള തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനും ഡല്‍ഹി ഹൈക്കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററിന് മുന്നില്‍ ഹാജരാകാനും കോടതി ഇരു കക്ഷികളോടും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ചര്‍ച്ചകള്‍ അവസാനിച്ചു. ഇപ്പോള്‍ ഇരു കക്ഷികളും ഏപ്രില്‍ 15 ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകും. ഗുരുഗ്രാം ആസ്ഥാനമായുള്ള ടെസ്ല പവര്‍, ടെസ്ല എന്ന പേരില്‍ ആകെ 699 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ആരോപണം ഉണ്ട്. എന്നാല്‍ കമ്പനിയുടെ പ്രധാന ബിസിനസ് ഓട്ടോമൊബൈലുകള്‍ക്കും ഇന്‍വെര്‍ട്ടറുകള്‍ക്കുമുള്ള ലെഡ്-ആസിഡ് ബാറ്ററികള്‍ നിര്‍മ്മിക്കുക എന്നതാണെന്നും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നും കമ്പനി പറയുന്നു. ഇ-അശ്വ എന്ന മറ്റൊരു ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റതെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടെസ്ല പവര്‍ പറയുന്നു.
ഇരുകമ്പനികളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍, ഡല്‍ഹി കോടതി ഏപ്രിലില്‍ കേസ് പരിഗണിക്കും. ഏപ്രില്‍ 15 ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് സൗരഭ് ബാനര്‍ജി കേസ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *