മയക്കുമരുന്ന് പരിശോധന ഡ്രൈവിനിടെ പൊലീസിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. അടിമാലി ഇരുന്നൂറേക്കർ മയിലാടുംകുന്ന് വാഴശേരിയിൽ വീട്ടിൽ അക്ഷയ് ജയൻ (ജപ്പാൻ -25), മില്ലുംപടി പുല്ലേകുന്നേൽ രാഹുൽ ഷാജി (23), മില്ലുംപടി കുന്നുംപുറത്ത് ജസ്റ്റിൻ ജോൺസൺ (22) എന്നിവരെയാണ് അടിമാലി കോടതി റിമാൻഡ് ചെയ്തത്.
അടിമാലി-കുമളി ദേശീയപാത 185ൽ ഇരുനൂറേക്കർ അമ്പലപടിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന കാമ്പയിന്റെ ഭാഗമായി മുമ്പ് മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചും പരിശോധന നടന്നു വരുകയാണ്. ഇരുനൂറേക്കർ ക്ഷേത്രത്തിനു സമീപം കരിമ്പ് ജൂസ് കടയിൽ വെച്ച് അക്രമിസംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എച്ച്.ഒ ലൈജുമോൻ പറഞ്ഞു. പ്രതികളെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ പൊലീസ് വൈമനസ്യം കാട്ടിയതായും ആക്ഷേപം ഉയർന്നു.