Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് മധുസൂദനന്‍. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതിന്റെ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുമെന്നും നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമെന്നും മധുസൂദനൻ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും പിതാവ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ പ്രേരണ മൂലമാണ് മകള്‍ ജീവനൊടുക്കിയത്. ബാഗില്‍ നിന്ന് കിട്ടിയ പേപ്പറുകളും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടന്നതിന് ബാങ്ക് രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. സുകാന്തിന് എതിരെ കേസെടുത്തിട്ടില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.

ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ സുകാന്ത് ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിൻ്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല.

മേഘയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്തായ സുകാന്ത് ഒളിവിൽ തുടരുകയാണ്. സുകാന്ത് ഐബി ആഭ്യന്തര ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയ സുകാന്തിനായി അന്വേഷണം ഊർജിതമാക്കി. സുകാന്തിനെതിരെ കേസെടുത്താൽ ഐ ബി സുകാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യും. പ്രൊബേഷനിൽ ആയതിനാൽ ഇയാളെ പിരിച്ചുവിടാനും ഏജൻസിക്ക് അധികാരമുണ്ട്. ഉദ്യോഗസ്ഥന്റെ വിവരങ്ങൾക്കായി തിരുവനന്തപുരം പേട്ട പോലീസ് ഐബിയെ സമീപിച്ചും കഴിഞ്ഞു. മേഘ ആത്മഹത്യ ചെയ്തതിൻറെ പിറ്റേന്നാണ് സുകാന്ത് ഒളിവിൽ പോയതെന്ന് പൊലീസ് കണ്ടെത്തി. മേഘയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *