Your Image Description Your Image Description

ടെഹ്റാൻ: ഇറാനിൽ ബോംബിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവി​ന്റ ഉപദേഷ്ടാവ്. അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുമെന്നാണ് പരമോന്നത നേതാവിന്‍റെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞത്. ആണവ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാൻ നേതാവി​ന്റെ മുന്നറിയിപ്പ്.

ഇറാന് നേരെ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് അയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് ഇറാനിയൻ സ്റ്റേറ്റ് ടിവിയോട് പറഞ്ഞത്. ഇറാൻ ആണവായുധങ്ങൾക്ക് പിന്നാലെ പോകുന്നില്ലെങ്കിലും യുഎസോ ഇസ്രയേലോ ആക്രമണം നടത്തിയാൽ നിലപാട് പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇറാൻ ന്യൂക്ലിയർ കരാറിന് സമ്മതിച്ചില്ലെങ്കിൽ ബോംബ് വർഷിക്കും എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. യുഎസ് നേരിട്ട് ആക്രമണം നടത്തുമോ അതോ ഇസ്രയേൽ ഉൾപ്പെടുന്ന ഓപ്പറേഷനാണോ ട്രംപ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. “അവർ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. എങ്കിൽ തീർച്ചയായും ശക്തമായ പ്രത്യാക്രമണം ഉണ്ടാകും” എന്ന് ആയത്തുള്ള ഖമേനി വ്യക്തമാക്കി. ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന കമാൻഡറായ ജനറൽ അമീറലി ഹാജിസാദെ, മേഖലയിലെ അമേരിക്കൻ താവളങ്ങളുടെയും സൈനികരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി. ഇറാൻ ചുറ്റുമുള്ള മേഖലയിൽ അമേരിക്കക്കാർക്ക് കുറഞ്ഞത് 10 താവളങ്ങളെങ്കിലും ഉണ്ടെന്നും അവർക്ക് 50,000 സൈനികരുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ ആരോപണം ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ്. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്‍റെ വാദം. 2015ലെ ആണവ കരാർ പ്രകാരം, യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനം വരെയും സംഭരണം 300 കിലോഗ്രാമിൽ കൂടരുതെന്നും പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇറാന്‍റെ യുറേനിയം ശേഖരം 8,294.4 കിലോഗ്രാം എത്തിയെന്നും അതിന്റെ ഒരു ഭാഗം 60 ശതമാനം വരെ സമ്പുഷ്ടമാക്കിയെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *