Your Image Description Your Image Description

ജർമ്മൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഇസാർ എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. സ്പെക്ട്രം എന്ന് പേരിട്ട റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് 18 സെക്കൻഡുകൾക്കകം വശത്തേക്ക് ചെരിയുകയും താഴേക്ക് വീഴുകയുമായിരുന്നു. നോർവേയിലെ അൻഡോയ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് സ്പെക്ട്രം വിക്ഷേപിച്ചത്. ഇവിടെ നിന്നുള്ള ആദ്യ വിക്ഷേപണം കൂടിയായിരുന്നു സ്പെക്ട്രത്തിന്റേത്.

വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റ് നോർവീജിയൻ കടലിലേക്കാണ് പതിച്ചത്. എന്നാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചതായാണ് ഇസാർ എയറോസ്പേസ് വിക്ഷേപണത്തിന് പിന്നാലെ പ്രതികരിച്ചത്. ഒന്നാം ഘട്ടത്തിലെ ഇഗ്നീഷ്യന് ശേഷം സ്പെക്ട്രം ഉയർന്നത് തങ്ങൾ ലക്ഷ്യമിട്ടതായിരുന്നുവെന്നാണ് ഇസാർ എയറോസ്പേസ് വിശദമാക്കുന്നത്. മുപ്പത് സെക്കന്റോളം നീണ്ട ആദ്യ വിക്ഷേപണം ഭാവിയിലേക്കുള്ള കമ്പനിയുടെ പദ്ധതികൾക്ക് ഊർജ്ജമാകുമെന്നാണ് ഇസാർ എയറോസ്പേസ് പ്രതികരിച്ചത്. യൂറോപ്പിൽ വേരുകളുള്ള സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ ശക്തമായ ചിന്തയിലും നേട്ടത്തിലും അഭിമാനമുണ്ടെന്നാണ് ഇസാർ എയറോസ്പേസ് സിഇഒ ആയ ഡാനിയൽ മെറ്റ്സ്ലെർ പ്രതികരിച്ചത്.

ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ഉപഭോക്താക്കളുടെ സാറ്റലൈറ്റുകൾ ബഹിരാകാശത്തിലെത്തിച്ച് യൂറോപ്പിന്റെ വലിയൊരു പോരായ്മ നികത്തുമെന്നും ഇസാർ എയറോസ്പേസ് സിഇഒ വിശദമാക്കി. 32 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള യൂറോപ്യൻ സ്പേയ്സ് ഏജൻസി ഇതിനോടകം നിരവധി റോക്കറ്റുകൾ ഓർബിറ്റുകളിൽ എത്തിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിന് വെളിയിൽ വച്ചാണ് വിക്ഷേപണം നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *