Your Image Description Your Image Description

ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡും വൈവിധ്യങ്ങളും തൊട്ടറിയാൻ നമുക്കുള്ള ഒരു അവസരമാണ് കാന്‍. ഓരോരുത്തരുടെയും ഇഷ്ടതാരം ഇത്തവണ എങ്ങനെയാണ് റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് തുടങ്ങി ഫാഷനും വിവാദങ്ങളും നിലപാടുകളും വരെ ചര്‍ച്ച ചെയ്യുന്ന വേദി.
മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ കാൻ ചലച്ചിത്രമേളയിലെത്തിയത് നെറുകയിൽ സിന്ദൂരമണിഞ്ഞു കൊണ്ടാണ്. വലിയ വരവേൽപ്പാണ് കാനിൽ താരത്തിന് ലഭിച്ചത്. നെറുകയിൽ സിന്ദൂരമണിഞ്ഞുള്ള ഐശ്വര്യ റായ് ബച്ചന്റെ വരവ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കി. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ സന്ദേശം പ്രതീകാത്മകമായി ലോകത്തിന് നല്‍കുകയാണ് താരം ചെയ്തതെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

ഐവറി നിറത്തിലുള്ള മനോഹരമായ സാരിയാണ് താരം ധരിച്ചിരുന്നത്. കദ്വ ബനാറസി ഹാന്‍ഡ്‌ലൂം സാരിയാണ് ഇത്. നെറുകയിലെ സിന്ദൂരത്തെ എടുത്ത് കാണിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാരിയായിരുന്നു ഐശ്വര്യയുടേത്. കാനിൽ ഐശ്വര്യ റായ് ധരിച്ചിരുന്ന ആഭരണങ്ങളും വലിയ ശ്രദ്ധ നേടി. മനീഷ് മല്‍ഹോത്ര ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. നെക്ക്‌ലേസില്‍ 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമാണുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇവ കോര്‍ത്തിണക്കിയത്. പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഇത്തവണത്തെ ഐശ്വര്യയുടെ ‘കാന്‍ ലുക്കി’ന് പിന്നില്‍.

പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി 33 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കാനിരിക്കെയാണ് ലോകത്തിന് നിശബ്ദസന്ദേശവുമായി ഐശ്വര്യ കാനിലെത്തിയതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം ഐശ്വര്യ റായ് നെറുകയിൽ സിന്ദൂരമണിഞ്ഞ് കാനിലെത്തിയത് അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന കിംവദന്തികൾക്കുള്ള പരോക്ഷ മറുപടിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *