Your Image Description Your Image Description

അമ്മയ്ക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ട് സ്ഥിതി ​ഗുരുതരമായതോടെ പ്രസവമെടുത്ത് 13 -കാരനായ മകൻ. ഡോക്ടറെ ഉടൻ വിവരമറിയിച്ചതിനെത്തുടർന്ന് ഫോണിലൂടെ തത്സമയം നിർദ്ദേശങ്ങൾ നൽകി ഡോക്ടർ. ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച കൗമാരക്കാരൻ അമ്മയെ വീട്ടിൽ പ്രസവിക്കാൻ സഹായിക്കുകയായിരുന്നു. മെഡിക്കൽ സഹായം എത്തുന്നതുവരെ അമ്മയെയും കുഞ്ഞിനെയും ഈ കൗമാരക്കാരൻ സുരക്ഷിതമായി പരിചരിക്കുകയും ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അമ്മയ്ക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയും വാട്ടർ ബ്രേക്കിംഗ് ഉണ്ടാവുകയും ചെയ്തപ്പോഴാണ് 13 -കാരൻ അടിയന്തര സഹായത്തിനായി എമർജൻസി സെന്‍ററിൽ വിളിച്ചത്. 37 ആഴ്ച ഗർഭിണിയായ തന്‍റെ അമ്മയ്ക്ക് അസഹനീയമായ വേദനയുണ്ടെന്നും വാട്ടർ ബ്രേക്കിംഗ് സംഭവിച്ചതായും അവൻ ഡോക്ടറോട് വിശദീകരിച്ചു. കൂടാതെ കുഞ്ഞിന്‍റെ തല തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും അവൻ എമർജൻസി സെന്‍ററിലെ ഡോക്ടർ ചെൻ ചാവോഷുണിനോട് പറഞ്ഞു.

സംഭവത്തിന് ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡോക്ടർ ചെൻ ചാവോഷുൺ അവനെ ശാന്തമാക്കുകയും എത്രയും പെട്ടെന്ന് വീട്ടിലേക്ക് ആംബുലൻസ് എത്തുമെന്നും അറിയിച്ചു. തുടർന്ന് അമ്മയെ എങ്ങനെ പരിചരിക്കണമെന്ന് അവന് ഘട്ടം ഘട്ടമായി പറഞ്ഞു കൊടുത്തു. ഡോക്ടറുടെ വാക്കുകൾ കൃത്യമായ അനുസരിച്ച് അവൻ അമ്മയുടെ വയറ്റിൽ നിന്നും കുഞ്ഞിന് പുറത്തെടുത്തു. അപ്പോഴേക്കും ആംബുലൻസിൽ വിദഗ്ധവൈദ്യ സംഘവും വീട്ടിലെത്തി. അവൻ അമ്മയെയും തന്‍റെ കുഞ്ഞനുജനെയും സുരക്ഷിതമായി അവരുടെ കൈകളിൽ ഏൽപ്പിച്ചു. ഉടൻതന്നെ ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

സംഭവം വാർത്തയായതോടെ നിരവധി പേർ 13 -കാരന്‍റെ മനോധൈര്യത്തെ അഭിനന്ദിച്ചു. എങ്കിലും വീട്ടിൽ പ്രസവം നടത്തുന്നത് അപകടകരമാണെന്ന് ആരോഗ്യവിദഗ്ധർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടത്. അതിനാൽ കുടുംബാംഗങ്ങൾ ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് പ്രത്യേക നിരീക്ഷണവും പരിചരണവും നൽകണമെന്നും കൃത്യസമയത്ത് വൈദ്യസഹായം നൽകാനുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്നും ആരോഗ്യവിദഗ്ദര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *