Your Image Description Your Image Description

എറണാകുളം : എല്‍ കെ ജി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികവിദ്യയില്‍ ഊന്നിയ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഒരു കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറം സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പത്ത് ലാപ്‌ടോപ്പുകളും അഞ്ചു ഡെസ്‌ക്ടോടോപ്പുകളുമാണ് സ്‌കൂളിലെ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ കൊണ്ട് 25 കോടി രൂപയാണ് ചെലവഴിച്ചത്. 45 സ്‌കൂളുകളില്‍ മൂന്നു കോടി രൂപ മുടക്കി ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി സിയാലിന്റെ സഹകരണത്തോടു കൂടി നടത്തി വരുന്നു.

വിദ്യാലയ പരിസരം മാലിന്യമുക്തമാക്കാനും വീട്ടിലും പരിസരങ്ങളിലും സമൂഹത്തിലും ശുചിത്വം ഉറപ്പാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. സ്‌കൂളുകളില്‍ ലഹരി വിമുക്ത ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇതിലൂടെ ചെറുപ്പത്തിലെ കുട്ടികളിലേക്ക് അവബോധം നല്‍കാന്‍ സാധിക്കും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തില്‍ ഏപ്രില്‍ 12ന് തൊഴില്‍മേള സംഘടിപ്പിക്കും.ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലയിലുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും തൊഴില്‍ പ്രാപ്തമാക്കാനുള്ള പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് ചടങ്ങില്‍ അധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയകൃഷ്ണന്‍ , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിന്‍സെന്റ്‌റ് കാരിക്കശേരി, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനി സജീവന്‍, പഞ്ചായത്ത് അംഗങ്ങളായ ശ്യാമിലി കൃഷ്ണന്‍, എല്‍സ ജേക്കബ്, കെ ആര്‍ ബിജു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. ജെ. മേഴ്‌സി, പൂര്‍വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് മായ സുരേഷ്, പി ടി എ പ്രസിഡന്റ് അഡ്വ: ശ്രീവത്സകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ജഗദീശന്‍, ഗീത തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *