Your Image Description Your Image Description

കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ആർ ഹേലി കാർഷിക മേഖലയിലെ സർവ്വവിജ്ഞാനകോശമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ജില്ലയിലെ ഏറ്റവും മികച്ച സമ്മിശ്ര കർഷകന് നൽകിവരുന്ന ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം ജോസഫ് കോര മാമ്പുഴക്കരിയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്കും കേരളത്തിനും അപരിചിതമായിരുന്ന കൃഷി എഴുത്ത് അഥവാ ഫാം ജേർണലിസം ആദ്യമായി കേരളത്തിൽ അവതരിപ്പിച്ച വ്യക്തിയാണ് ആർ ഹേലി. പേര് അന്വർത്ഥമാക്കുംവിധം സൂര്യനെപ്പോലെ അദ്ദേഹം കേരളത്തിന്റെ കാർഷിക മേഖലയിൽ ജ്വലിച്ചുനിന്നുവെന്നും മന്ത്രി പറഞ്ഞു.

മുൻവർഷങ്ങളിൽ നിന്നും  വ്യത്യസ്തമായി കൃഷിവകുപ്പിന് കീഴിലുള്ള സംസ്ഥാന കർഷക അവാർഡുകൾ ഇനിമുതൽ പ്രത്യേക സമിതിയെ നിയോഗിച്ച് നിർണയിക്കും. ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചർ സൊസൈറ്റി ആക്ഷൻ പ്ലാൻ തയ്യാറാക്കി വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും 2025ൽ തന്നെ ‘കായൽ രത്ന’ എന്ന പേരിൽ കുട്ടനാടിന്റെ അരി പുറത്തിറക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചടങ്ങിൽ എൺപത്തിമൂന്നാം വയസ്സിൽ കർഷകശ്രേഷ്ഠ പുരസ്കാരം നേടിയ ജോസഫ് കോര മാമ്പുഴക്കരി മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തുടർസ്ഥാനങ്ങളിലെത്തിയ സമ്മിശ്ര കർഷകരായ ആർ രഘുനാഥ്‌, വർഗീസ് ആന്റണി, ശ്രാവന്തിക മുളക്കുഴ എന്നിവരെയും ആദരിച്ചു.
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും സൊസൈറ്റിയുടെ ഉപദേഷ്ടാവുമായിരുന്ന ആര്‍ ഹേലിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മക്കളായ പ്രശാന്ത് ഹേലിയും, ഡോ. പൂര്‍ണ്ണിമ ഹേലിയും ചേർന്നാണ് അവാർഡ് സ്പോൺസർ ചെയ്തത്. 15,551 രൂപയുടെ ക്യാഷ് അവാര്‍ഡും പുരസ്‌ക്കാരത്തിനൊപ്പമുണ്ട്.
ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി. അഗ്രി ഹോർട്ടിക്കൾച്ചർ സൊസൈറ്റി സെക്രട്ടറി രവി പാലത്തുങ്കൽ, കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ജി പത്മകുമാർ, കൃഷിവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ അമ്പിളി കുമാർ, മുൻ കർഷകമിത്ര അവാർഡ് ജേതാവ് ടി എസ് വിശ്വൻ, അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ് എ എൻ പുരം ശിവകുമാർ, അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ഭാരവാഹികളായ പി വെങ്കിട്ടരാമയ്യർ, പി ശ്യാം കുമാർ, പയസ് നെറ്റോ, പി എസ് ഹരിദാസ്, ഹരികുമാർ വാലേത്ത്, കർഷകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *