Your Image Description Your Image Description

നോർത്തിൽ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് കിട്ടുന്ന സ്വീകാര്യത തെന്നിന്ത്യയില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്‍റെ ഈദ് റിലീസ് ചിത്രം സിക്കന്ദറിന്‍റെ പ്രചരണാര്‍ഥം മുംബൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സല്‍മാന്‍ ഖാന്‍റെ വിമര്‍ശനസ്വരത്തിലുള്ള നിരീക്ഷണം.

സൗത്ത് ഇന്ത്യയിലെ നിരവധി സാങ്കേതികപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടയ്ക്കിടെ അത് സംഭവിക്കാറുണ്ട്. എന്നാല്‍ എന്‍റെ സിനിമകള്‍ അവിടെ (തെന്നിന്ത്യയില്‍) റിലീസ് ചെയ്യുമ്പോള്‍ വലിയ കളക്ഷന്‍ വരാറില്ല. അവിടെ ഞാന്‍ റോഡില്‍ ഇറങ്ങി നടക്കുകയാണെന്ന് കരുതുക. ആളുകള്‍ എന്നെ തിരിച്ചറിയുകയും പേര് വിളിക്കുകയും അഭിവാദ്യം ചെയ്യുകയുമൊക്കെ ഉണ്ടാവും. എന്നാല്‍ അവരെ കാര്യമായി തിയറ്ററുകളിലേക്ക് എത്തിക്കുക എന്നത് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ അവരുടെ സിനിമകള്‍ (തെന്നിന്ത്യന്‍ സിനിമകള്‍) ഇവിടെ നന്നായി പോകാറുണ്ട്. കാരണം നമ്മള്‍ അവരുടെ സിനിമകള്‍ തിയറ്ററില്‍ പോയി കാണുന്നു”, സല്‍മാന്‍ ഖാന്‍ പറഞ്ഞു.‌

രജനികാന്തിന്‍റെയോ രാം ചരണിന്‍റെയോ സൂര്യയുടെയോ മറ്റ് തെന്നിന്ത്യന്‍ താരങ്ങളുടെയോ ഒക്കെ ചിത്രങ്ങള്‍ വരുമ്പോള്‍ നമ്മള്‍ തിയറ്ററില്‍ പോയി അത് കാണാറുണ്ട്. എന്നാല്‍ അവരുടെ ആരാധകര്‍ എപ്പോഴും നമ്മുടെ ചിത്രങ്ങള്‍ കാണാന്‍ വരാറില്ല”, സല്‍മാന്‍ ഖാന്‍ പറഞ്ഞു. ബോളിവുഡ് ചിത്രങ്ങളുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബജറ്റിനെക്കുറിച്ചും സല്‍മാന്‍ ഖാന്‍ ആശങ്ക പങ്കുവച്ചു. “ബജറ്റ് ഒരുപാട് ഉയരുന്നതിനാല്‍ ഇപ്പോഴുള്ള തിയറ്ററുകളില്‍ നിന്ന് അത് തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. 20,000- 30,000 തിയറ്ററുകളൊക്കെ ഉണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. അത്രയും തിയറ്ററുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ (തെന്നിന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍) നമുക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വരികയും ചെയ്തേനെ”, സല്‍മാന്‍ ഖാന്‍ പറയുന്നു. അതേസമയം എ ആര്‍ മുരു​ഗദോസ് ആണ് സിക്കന്ദറിന്‍റെ സംവിധാനം. രശ്മിക മന്ദാനയാണ് നായിക.

 

 

Leave a Reply

Your email address will not be published. Required fields are marked *