Your Image Description Your Image Description

പിഎല്ലിൽ നിരവധി ആരാധകരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ജേതാക്കളായ മുംബൈ തോൽവിയോടെയാണ് ഇത്തവണ സീസൺ തുടങ്ങിയത്. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ നാല് വിക്കറ്റിനാണ് പരാജയപ്പെട്ടത്. 156 റൺസ് പിന്തുടർന്ന ചെന്നൈ അഞ്ച് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് മുംബൈ ഇന്ത്യൻസിനെ അലട്ടുന്ന പ്രധാന പ്രതിസന്ധി. ചെന്നൈയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ബുമ്രയുടെ അഭാവം പ്രകടമായിരുന്നു.

ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ബിസിസിഐയുടെ മെഡിക്കൽ ടീം അഞ്ച് ആഴ്ച്ചത്തെ വിശ്രമമാണ് ബുമ്രയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. അതേസമയം ബുമ്രയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യൻസ് അസിസ്റ്റന്റ് കോച്ച് പരാസ് മാംബ്രെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ബുമ്ര പരിക്കിൽ നിന്ന് മോചിതനായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. എൻസിഎയിൽ അദ്ദേഹം ഫിറ്റ്നസ് മികച്ച രീതിയിൽ വീണ്ടെടുക്കുകയാണ്. അദ്ദേഹം എപ്പോൾ തിരികെവരും എന്ന് ഇപ്പോൾ പറയാനാകില്ല. അക്കാര്യത്തിൽ ടീം മാനേജ്മെന്റും എൻസിഎയുമാണ് തീരുമാനമെടുക്കേണ്ടത്. മുംബൈയുടെ വിജയങ്ങളിൽ ബുമ്ര അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ തിരികെ ടീമിലെത്തിക്കണം. എന്നാൽ, അത് പരിക്കിൽ നിന്ന് പൂര്‍ണമായും മുക്തനായ ശേഷം മാത്രം മതിയെന്നും പരാസ് മാംബ്രെ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *