Your Image Description Your Image Description

കോഴിക്കോട് : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി കൊടുവള്ളി നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത പ്രഖ്യാപനം ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ഹരിതപ്രഖ്യാപനശേഷം വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

പരിപാടിയില്‍ മാലിന്യപരിപാലനത്തില്‍ നഗരസഭയുടെ നേട്ടങ്ങള്‍, നിലവിലെ സ്ഥിതി എന്നിവ നഗരസഭ സെക്രട്ടറി കെ സുധീര്‍ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സഫീന ഷമീര്‍, സിയാലി ഹാജി, റംല ഇസ്മായില്‍, ആയിഷ ഷഹനിദ, ശിവദാസന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാലിന്യപരിപാലനത്തിലെ നഗരസഭയുടെ നേട്ടങ്ങള്‍

13,000 വീടുകളില്‍ നിന്നും 1800 സ്ഥാപനങ്ങളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍ വാതില്‍പ്പടി ശേഖരണത്തിലൂടെ ശേഖരിക്കുന്നതിന് 41 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെ നഗരസഭ വിന്യസിച്ചു. നഗരസഭാ പരിധിയിലെ കൊടുവള്ളി ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് പരിസരം, വെണ്ണക്കാട് ടൗണുകള്‍ വിവിധ ഘട്ടങ്ങളിലായി പൊതു ശുചീകരണം നടത്തി മാലിന്യമുക്ത ടൗണുകള്‍ ആയി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി 97 ബോട്ടില്‍ ബൂത്തുകളും 36 മിനി എംസിഎഫും സ്ഥാപിച്ചു. ഹരിത കര്‍മ്മ സേന ഈ മാസം 96.4 ശതമാനം വീടുകളിലും കയറി അജൈവമാലിന്യം ശേഖരിച്ചു. ഇതിനുവേണ്ടി എന്‍ഫോയ്‌സ്‌മെന്റ് സ്‌ക്വാഡിനായി രണ്ട് ഇരു ചക്ര വാഹനങ്ങളും ഒരു നാല് ചക്ര വാഹനവും നഗരസഭ വാങ്ങി.

ഒരു മാസം 72000 ത്തില്‍ അധികം കിലോ പ്ലാസ്റ്റിക്, തുണി, ചെരിപ്പ്, ബാഗ്, കുപ്പിച്ചില്ല് ഉള്‍പ്പടെയുള്ള അജൈവ പാഴ് വസ്തുക്കളാണ് ശേഖരിക്കുന്നത്. ഇത് കൃത്യമായി റീസൈക്ലിങ്ങിനു കൊണ്ടുപോകുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ഇതിനോടകം തന്നെ ജൈവമാലിന്യ സംസ്‌കരണത്തിന് റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റ് എന്നിവ ഉള്‍പ്പെടെ 7500 മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 1600 റിങ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയുമാണ്.

നഗരസഭാ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹരിത വിദ്യാലയങ്ങളായും കലാലയങ്ങളായും ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ 262 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹരിത അയല്‍കൂട്ടങ്ങളായും പ്രഖ്യാപനം നടത്തി. പൊതുസ്ഥലങ്ങളില്‍ ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *