Your Image Description Your Image Description

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍, 2025 പാസാക്കി. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും നിര്‍ദേശിക്കുന്ന ബില്ലാണിത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ പാസാക്കിയത്. വിനോദ സഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ എല്ലായ്പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കുമെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇന്ത്യയിലെത്തുന്നവരെ മാത്രമേ നരേന്ദ്ര മോദി സര്‍ക്കാര്‍ തടയുകയുള്ളുവെന്നും ഇന്ത്യ ഒരു സത്രമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യപുരോഗതിക്ക് സംഭാവന നല്‍കുന്നതിനായി എത്തുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബില്‍ രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തും. സമ്പദ്വ്യവസ്ഥയെയും വ്യാപാരത്തെയും അഭിവൃദ്ധിപ്പെടുത്തും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഈ നടപടി ഉത്തേജനം പകരും. ഇന്ത്യയിലെത്തുന്ന ഓരോ വിദേശ പൗരന്റെയും കൃത്യമായ വ്യക്തിവിവരങ്ങള്‍ പുതിയ ബില്‍ നടപ്പാകുന്നതോടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന റോഹിംഗ്യന്‍ കുടിയേറ്റക്കാരെക്കുറിച്ചും അമിത് ഷാ പരാമര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. വ്യക്തിലാഭത്തിനായി ഇന്ത്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബില്‍ ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുകയും 2047 ആകുമ്പോള്‍ വികസിത രാജ്യമായി മാറുന്നതിന് ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റം തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം അപൂര്‍ണമായി തുടരുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാത്തതിനു പിന്നില്‍ മമത സര്‍ക്കാരാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കുടിയേറ്റക്കാരോട് ബംഗാള്‍ സര്‍ക്കാര്‍ അനാവശ്യമായ അനുകമ്പ കാണിക്കുകയാണ്. വേലി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 11 കത്തുകളയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുദ്യോഗസ്ഥരുമായി ഏഴു തവണ ചര്‍ച്ച നടത്തുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് നിയമം, 1939ലെ വിദേശികളുടെ രജിസ്ട്രേഷന്‍ നിയമം, 2000ത്തിലെ ഇമിഗ്രേഷന്‍ നിയമം തുടങ്ങിയവയ്ക്ക് പകരമാണ് പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍. രേഖകളില്ലാത്തവരെ കൊണ്ടുവരുന്ന വിമാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തും. വിദേശികള്‍ എത്തുന്ന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് ബില്‍. വിദേശികളെക്കുറിച്ച് എമിഗ്രേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതേസമയം, ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ ചില പ്രത്യേക വിഭാഗങ്ങളോട് വിവേചനപരമായി നിലപാട് സ്വീകരിക്കാന്‍ അവസരമൊരുക്കുന്നതാണെന്ന് ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എന്‍കെ പ്രേമചന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *