Your Image Description Your Image Description

കൊല്ലം : സര്‍ഗവാസനയ്ക്ക് ‘അക്ഷരപ്പൂക്കള്‍’ ഒരുക്കി ഗുരുനിര. കൊല്ലം ചവറ സൗത്ത് സര്‍ക്കാര്‍ യു.പി.എസിലെ അധ്യാപകര്‍ തീര്‍ക്കുന്നതാകട്ടെ പുതുമയുള്ളൊരു അധ്യാപന മാതൃകയും. എഴുത്തിന്റെ വഴികളിലേക്ക് പുതുനാമ്പുകള്‍ വിടരുന്നതിനായി പുസ്തകം പ്രസിദ്ധീകരിക്കുയാണ് ഇവിടെ.അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസിലെ കുട്ടികള്‍ കുറിച്ചിട്ട കവിതകളും കഥകളും കോര്‍ത്തിണക്കിയാണ് ‘അക്ഷരപ്പൂക്കള്‍’ എന്ന പേരിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ബഡ്ഡിങ് റൈറ്റേഴ്സ് കൂട്ടായ്മയിലെ 39 കുട്ടികളുടെ 82 സൃഷ്ടികളാണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. ജീവിതാനുഭവങ്ങളും ചിന്തകളുമാണ് ഓരോന്നിലും പ്രതിഫലിക്കുന്നത്. സൂര്യനും പുഴയും പൂന്തോട്ടവും അമ്മയുമെല്ലാം വിഷയമായി. ദൃശ്യങ്ങളുടെ അഭിനിവേശം ചിത്രങ്ങളായി പുസ്തകത്തില്‍ സംഗമിക്കുന്നുമുണ്ട്.10 വര്‍ഷമായി കൈയെഴുത്ത് മാഗസിന്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ എഴുത്തുകളില്‍ ആദ്യമായാണ് അച്ചടിമഷിപുരളുന്നത്.

ബഡ്ഡിങ് റൈറ്റേഴ്സിന്റെ ചുമതലയുള്ള അധ്യാപിക രാഖിയാണ് കുട്ടികള്‍ക്കായി പുസ്തകം എന്ന ആശയം സാക്ഷാത്കരിക്കുന്നത്. പ്രധാനാധ്യാപിക കൃഷ്ണകുമാരി, പി.ടി.എ പ്രസിഡന്റ് സുനില്‍ പള്ളിപ്പാടന്‍, അധ്യാപകര്‍, പി.ടി.എ എന്നവരും കൂട്ടിനായുണ്ട്.ഡോ. എം.എഫ് നൗഫലിന്റേതാണ് പുസ്തകത്തിന്റെ അവതാരിക. സുജിലി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *