Your Image Description Your Image Description

കൊല്ലം : ദാരിദ്ര്യ നിര്‍മാര്‍ജനം, ജലസംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ്. 53,56,55,971 രൂപ വരവും 53,23,90,651 രൂപ ചെലവും 32,65,320 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേശ് അവതരിപ്പിച്ചു.

സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരുക, ലിംഗസമത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള ‘ജെന്‍ഡര്‍ ബജറ്റ്’ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അനില്‍കുമാര്‍ അവതരിപ്പിച്ചു. കൃഷിക്കായി 49,63,000 രൂപയും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്കായി 46,19,351 രൂപയും ഭിന്നശേഷിക്കാര്‍, വയോധികര്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി 1,03,19,351 രൂപയും വനിതാ വികസനത്തിന് 44,80,600 രൂപയും പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിന് 2,14,94,000 രൂപയും ആരോഗ്യ മേഖലക്ക് 1,30,28,000 രൂപയും കുടിവെള്ളം, ശുചിത്വം എന്നിവക്ക് 57,06000 രൂപയും വിദ്യാഭ്യാസം, കല, സാംസ്‌കാരികം, യുവജനക്ഷേമം എന്നിവക്ക് 6,80,000 രൂപയും തൊഴിലുറപ്പ് പദ്ധതിക്ക് 38,72,09,000 രൂപയും വകയിരുത്തിയിട്ടുണ്ട്. അതിദരിദ്രര്‍ക്ക് ജീവനോപാധികള്‍ ഉറപ്പുവരുത്താന്‍ 2,05,94,000 രൂപയും നീക്കിവെച്ചിട്ടുണ്ട്.

10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി നല്‍കുന്ന ‘സ്പോട്ട് അറ്റ് ചിറ്റുമല’, ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ആരോഗ്യ പരിപാലനത്തിന് വയോഹസ്തം പദ്ധതി, മുതിര്‍ന്ന പൗര•ാരുടെ മാനസികോല്ലാസത്തതിനുള്ള സ്മാര്‍ട്ട് സീനിയേഴ്സ് പദ്ധതി, ബഡ്‌സ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്, ആധുനിക സൗകര്യങ്ങളോടെ മോഡല്‍ ഡെയറി ഫാം, മാലിന്യ സംസ്‌കരണത്തിന് ഡബിള്‍ ചെമ്പര്‍ ഇന്‍സിനറേറ്റര്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഉഷാ ദേവി, ഇജീന്ദ്രലേഖ, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രന്‍, ശ്യാം, ബെറ്റ്‌സിറോയ്, ഷീല കുമാരി, മഠത്തില്‍ സുനി, ബിന്ദു, ഷഹ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *