Your Image Description Your Image Description

ഉരുളെടുത്ത വയനാടിന്റെ സങ്കടങ്ങൾക്കുമേൽ പ്രതീക്ഷയുടെ പുതിയ തളിരുകൾ വളരാൻ തുടങ്ങുന്നു .അതിജീവനത്തിന്റെ ഈ മഹാമാതൃകയ്‌ക്ക്‌ കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഇന്ന്നാന്ദികുറിക്കും. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പ്‌ ഉയരും. കേരളത്തെ സാക്ഷിയാക്കി വ്യാഴം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്‌ നിർമാണത്തിന്‌ തറക്കല്ലിടും.അങ്ങനെ കേരളം തരിച്ചുപോയ മഹാദുരന്തത്തെ കേരളം മറികടക്കുകയാണ്.കേന്ദ്രം തുടർച്ചയായി അവഗണിക്കുമ്പോൾ കേരളത്തിന്റെ മഹാദുരന്തത്തെ ഒരു മഹാദുരന്തത്തിന്റെ പട്ടികയിൽ പോലും കാണാൻ തയ്യാറാകാതിരിക്കുമ്പോഴും രാഷ്ട്രീയം മറന്നുകൊണ്ട് കേരളത്തിലെ മുഴുവൻ ജനങ്ങളും ഒരു ദുരന്തത്തെ ഒറ്റ മനസ്സോടുകൂടി ചേർത്തുപിടിക്കുന്നതിന്റെ നേർക്കാഴ്ചയാവുകയാണ് വയനാടിന്റെ പുതിയ സൃഷ്ടി. ജാതിമത രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പേർക്കും ക്ഷണമുണ്ട് എന്നത് തന്നെയാണ് പിണറായി സർക്കാരിന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ വിജയം. സ്വന്തം മണ്ഡലത്തെ ഇത്രയും കാലം മറന്നു പോയ പ്രിയങ്ക ഗാന്ധി പോലും പ്രത്യേക ക്ഷണം സ്വീകരിച്ച് കേരളത്തിൽ എത്തിയിട്ടുണ്ട്. 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു. മൃതദേഹങ്ങൾ ചാലിയാർവരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന്‌ രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ്‌ ഒരുകുടുംബമായി. സമൂഹ അടുക്കളകളിൽ മനുഷ്യർ സ്‌നേഹം പാകം ചെയ്‌തു. മണ്ണിനടിയിൽ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടർന്നു.സർക്കാർ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളിൽ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ജീവനോപാധിയും ചികിത്സയും ഉറപ്പാക്കി. ധനസഹായംനൽകി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു. നിയമതടസ്സങ്ങളം മറികടന്ന്‌ ഏഴ്‌ മാസങ്ങൾക്കിപ്പുറം ടൗൺഷിപ്പ്‌ ഉയരുകയാണ്‌. ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌.ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്‌. മന്ത്രിമാർക്കുപുറമെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും തറക്കല്ലിടലിനെത്തും.രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകൾ ഒക്കെ മാറ്റിവെച്ചുകൊണ്ടാണ് കേരള ജനത ബിജെപി സർക്കാർ കേന്ദ്രത്തിലും കേരളത്തിലും തുപ്പുന്ന മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ യാതൊരു വേർതിരിവുകളും ഇല്ലാതെ മനുഷ്യനെ മനുഷ്യനായി ചേർത്തു പിടിക്കാൻ പോകുന്നത്. ഒരുപാട് സമ്മർദ്ദങ്ങൾ ഒടുവിൽ കേന്ദ്രം കേരളത്തിന് കനിഞ്ഞു നൽകിയ തുക പോലും ചിലവഴിക്കുന്നതിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത അത്രയും കഠിനമായ നിബന്ധനങ്ങൾ വച്ചു ബുദ്ധിമുട്ടിച്ചും അതിന് ഹൈക്കോടതിയുടെ ഉൾപ്പടെ രൂക്ഷമായ വിമർശനങ്ങൾ നേരിട്ടിട്ടും വലിയ വ്യത്യാസങ്ങളൊന്നും വരുത്താതെയും മോദി സർക്കാർ കേരളത്തെ ആകമാനം തഴയുമ്പോഴും കേരളം പിണറായി സർക്കാരിന്റെ കീഴിൽ തോൽക്കില്ല എന്ന് ഉറപ്പിച്ചു തന്നെയാണ് മുന്നോട്ട്. വയനാട് ദുരന്തബാധിതർക്ക് ഉള്ള ലോണുകളുടെ കാര്യത്തിൽ പോലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം ഇപ്പോഴും നിൽക്കുന്നത്. കേവലം രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു ജനതയുടെ മുഴുവൻ കണ്ണീരിനെയും ബിലോ കുറച്ചു കാണുന്ന മോദി സർക്കാർ ഇനി എത്ര വലിയ കോർപ്പറേറ്റ് മുതലാളിയെ കേരളത്തിന്റെ ബിജെപി പ്രസ്ഥാനത്തിന്റെ താക്കോൽ ഏൽപ്പിച്ചു കൊടുത്താലും ഈ അവഗണന കേരള ജനത പൊറുക്കില്ല

Leave a Reply

Your email address will not be published. Required fields are marked *