Your Image Description Your Image Description

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 (2025 Kia EV6) ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. 2025 കിയ EV6 65.9 ലക്ഷം എക്‌സ്-ഷോറൂം വിലയിൽ പുറത്തിറങ്ങി. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള GT ലൈൻ, GT ലൈൻ AWD എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിൽ നിന്ന് വ്യത്യസ്തമായി 2025 മോഡൽ GT ലൈൻ AWD രൂപത്തിൽ മാത്രമേ ലഭ്യമാകൂ. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോ കിയ ഈ കാർ പ്രദർശിപ്പിച്ചിരുന്നു. ഫെയ്സ്ലിഫ്റ്റ് അവതാരത്തിൽ എത്തുന്ന വാഹനത്തിന് ഡിസൈൻ അപ്ഡേറ്റ്, പുതിയ സവിശേഷതകൾ, കൂടുതൽ ശ്രേണിയുള്ള വലിയ ബാറ്ററി പായ്ക്ക് എന്നിവ ലഭിക്കുന്നു. നിറങ്ങളുടെ കാര്യത്തിൽ, കിയ EV6 ഫെയ്സ്ലിഫ്റ്റ് സ്‌നോ വൈറ്റ് പേൾ, അറോറ ബ്ലാക്ക് പേൾ, വുൾഫ് ഗ്രേ, റൺവേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളിൽ ലഭ്യമാണ്. വലുപ്പത്തിന്റെ കാര്യത്തിൽ മുൻഗാമിയുമായി മാറ്റമൊന്നുമില്ല. ഇലക്ട്രിക് കാറിന് 4,695mm നീളവും 1,890mm വീതിയും 1,570mm ഉയരവുമുണ്ട്. 2,900mm വീൽബോണുള്ളത്. രസകരമെന്നു പറയട്ടെ, വലിപ്പത്തിൽ മാറ്റം വരുത്താതെ തന്നെ ഒരു വലിയ ബാറ്ററി പായ്ക്ക് കാറിൽ ഘടിപ്പിക്കാൻ കിയക്ക് സാധിച്ചു. അപ്ഡേറ്റോടെ EV6 കൂടുതൽ അഗ്രസീവ് ലുക്ക് നേടിയിട്ടുണ്ട്. പുതിയ കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, GT-ലൈൻ സ്‌പെക്ക് ഫ്രണ്ട് ബമ്പർ, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, പിൻഭാഗത്ത് സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഉപയോഗിച്ച് കിയ EV6 മോഡലിന് കൂടുതൽ സ്പോർട്ടിയറും അഗ്രസീവുമായ സ്‌റ്റൈലിംഗ് സമ്മാനിച്ചിട്ടുണ്ട്. ഡ്രൈവർക്കുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് ടച്ച്സ്‌ക്രീനും ഉൾക്കൊള്ളുന്ന പുതിയ ഡ്യുവൽ 12.3 ഇഞ്ച് കർവ്ഡ് പനോരമിക് ഡിസ്പ്ലേ കിയ EV6-ന്റെ ഇന്റീരിയറിലെ ശ്രദ്ധേയമായ അപ്ഗ്രേഡുകളിൽ ഒന്നാണ്. ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കുമായി വയർലെസ് കണക്റ്റിവിറ്റി പുതിയ മോഡലിൽ ഉണ്ട്. 2-സ്പോക്ക് ഡി-കട്ട് സ്റ്റിയറിംഗ് വീലിൽ ഒരു ഫിംഗർപ്രിന്റ് സെൻസർ ചേർത്തിട്ടുണ്ട്. ഇത് ഡ്രൈവർക്ക് ഒരു സ്റ്റാൻഡേർഡ് കീ ഇല്ലാതെ തന്നെ EV6 സ്റ്റാർട്ട് ചെയ്യാൻ പ്രാപ്തമാക്കുന്നു. കിയ EV6-നുള്ള OTA അപ്ഗ്രേഡുകൾ നാവിഗേഷനും ഇലക്ട്രിക്കൽ കൺട്രോൾ സിസ്റ്റങ്ങളും ഉൾക്കൊള്ളുന്നുന്നു. ഒരു ഡിജിറ്റൽ റിയർവ്യൂ മിറർ, മെച്ചപ്പെടുത്തിയ 12 ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷൻ സിസ്റ്റം എന്നിവയാണ് ക്യാബിലേക്കുള്ള മറ്റ് അപ്ഗ്രേഡുകൾ. അഞ്ച് പുതിയ ഓട്ടോണമസ് സവിശേഷതകൾ ഉൾപ്പെടെ 27 സവിശേഷതകളുള്ള അപ്ഡേറ്റ് ചെയ്ത ADAS സ്യൂട്ടും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ബ്രാൻഡിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) ആർക്കിടെക്ചറിൽ അധിഷ്ഠിതമായ പുതിയ EV6 ഇപ്പോൾ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 84kWh ബാറ്ററി പായ്ക്കിൽ നിന്നാണ് പവർ എടുക്കുന്നത്. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ 77.4 kWh യൂണിറ്റിന് പകരമായാണ് ഇത് വരുന്നത്. ഇവിയിലെ പവർട്രെയിൻ 320bhp, 605Nm എന്നിവയുടെ സംയോജിത ഔട്ട്പുട്ട് വികസിപ്പിക്കുന്നു. ക്ലെയിംഡ് റേഞ്ച് 663 കിലോമീറ്ററായി. പുതിയ ബാറ്ററി 350 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതുവഴി 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. പെർഫോമൻസ് വശം നോക്കിയാൽ ഇവി വെറും 5.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഹ്യുണ്ടായി കസിൻ മോഡലായ അയോണിക് 5 കൂടാതെ BYD സീലിയോൺ 7, ബിഎംഡബ്ല്യു iX1, മെർസിഡീസ് ബെൻസ് EQA, വോൾവോ C40 റീചാർജ് എന്നിവയുമായാണ് ഇത് ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *