Your Image Description Your Image Description

മാർച്ച് 29 ന് വീണ്ടുമൊരു സൂര്യഗ്രഹണത്തിനു തയ്യാറെടുക്കുകയാണ് ലോകം. ഭാഗിക സൂര്യഗ്രഹണമാണ് ഇത്തവണ ഉണ്ടാകുക. ചന്ദ്രൻ സൂര്യനും ഭൂമിക്കുമിടയിൽ വരുമ്പോൾ ഉണ്ടാവുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യനെ പൂർണമായി മറച്ചാൽ അത് പൂർണ സൂര്യഗ്രഹണമെന്ന് അറിയപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം കാണാൻ സാധിക്കും. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളിലുമാണ് ഇത്തവണ ഗ്രഹണം കാണാൻ സാധിക്കുക. ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. എന്നാൽ നാസ ഒരുക്കിയിരിക്കുന്ന ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്ത്യയിലുള്ളവർക്ക് ഇത് കാണാൻ സാധിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.20ന് ഭാഗിക സൂര്യഗ്രഹണം ആരംഭിച്ച് വൈകീട്ട് 6.13ഓടെ അവസാനിക്കും.

വിവിധ മതവിശ്വാസ പ്രകാരം ആരാധനയ്ക്കുള്ള സമയമായിട്ടാണ് സൂര്യഗ്രഹണത്തെ കാണുന്നത്. എന്നാൽ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നത് കാലങ്ങളായി നിലനില്‍ക്കുന്ന പ്രചാരണമാണ്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നാണ് ശാസ്ത്രാന്വേഷികളുടെയും വിദഗ്ദരുടെയും അഭിപ്രായം. ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മില്‍ യാതൊരു ബന്ധവുമില്ല, ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്നത് വെറും അന്ധവിശ്വാസമാണെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കാന്‍ പലയിടങ്ങളിലും പായസവിതരണവും ഒരുക്കിയിട്ടുണ്ട്.

സൂര്യഗ്രഹണസമയത്ത് ഭൂമിയിൽ പതിക്കുന്ന രശ്മികൾ അപകടകാരിയാണെന്നും ഇത് ഭക്ഷണത്തിൽ അണുക്കളെ ഉണ്ടാക്കുമെന്നുമാണ് വിശ്വാസം. എന്നാൽ ഇലക്ട്രോമാഗ്നറ്റിക് രശ്മികൾ മാത്രമാണ് സൂര്യഗ്രഹണസമയത്ത് ഭൂമിയിലേക്ക് പതിക്കുന്നത്. ഇതാണ് വെളിച്ചമായി എത്തുന്നത്. ഈ രശ്മികൾ പ്രശ്‌നമുണ്ടാക്കുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഗർഭിണികൾ സൂര്യഗ്രഹണം കാണാൻ പാടില്ലെന്നും ഇത് ഗർഭസ്ഥ ശിശുവിനെ ബാധിക്കുമെന്നതുമാണ് മറ്റൊരു വിശ്വാസം. എന്നാൽ ഇതും തെറ്റാണ്. മറ്റൊരു വിശ്വാസം ഗ്രഹണം കഴിഞ്ഞാൽ ഉടനെ കുളിക്കണമെന്നതാണ്. എന്നാൽ അന്തരീക്ഷത്തിൽ സാധാരണയായി കാണുന്ന അണുക്കൾ അല്ലാതെ മറ്റൊരു അണുക്കളും പുതുതായി ഗ്രഹണസമയത്ത് ഉണ്ടാവാറില്ല.

എന്നാൽ സൂര്യഗ്രഹണസമയത്ത് നേരിട്ട് സൂര്യനെ നോക്കുന്നത് കണ്ണുകൾക്ക് പ്രശ്‌നം ഉണ്ടായേക്കും. കൂളിങ് ഗ്ലാസ്, എക്സറേ ഫിലിമുകൾ എന്നിവ ഉപയോഗിച്ചും ഗ്രഹണം വീക്ഷിക്കരുത്. എന്നാൽ സുരക്ഷിത മാർഗത്തിലൂടെ ഗ്രഹണം കാണുന്നതിന് പ്രശ്‌നമൊന്നുമുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *