കൊല്ലം : വിഷക്കറയില്ലാത്ത ജൈവ പച്ചക്കറികള്‍ക്ക് വിപണന സാധ്യത ഒരുക്കി കുടുംബശ്രീയുടെ അഗ്രി കിയോസ്‌ക്. കുടുംബശ്രീ ജില്ലാ മിഷന്റെയും കുണ്ടറ കുടുംബശ്രീ സിഡിഎസ്സിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് അവരുടെ വിളവെടുപ്പിനെ വിപണിയില്‍ ഇറക്കുന്നതിന് അവസരം ഒരുക്കുന്നു.
കുടുംബശ്രീ വനിത കര്‍ഷകരിലൂടെ നേരിട്ട് ശേഖരിക്കുന്ന കാര്‍ഷിക വിളവുകള്‍ കിയോസ്‌ക് വഴി മിതമായ നിരക്കില്‍ നല്‍കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ജില്ലയില്‍ തുടങ്ങുന്ന മൂന്ന് കിയോസ്‌കുകളില്‍ ആദ്യത്തേതാണ് കുണ്ടറയില്‍ തുടക്കമിട്ടത്. ബ്ലോക്ക് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ചിറ്റുമല ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും ജെ എല്‍ ജി (ജോയിന്റ് ലൈയബിലിറ്റി ഗ്രൂപ്പ് – കൂട്ട് ഉത്തരവാദിത്ത സംഘം) കളുടെ ജൈവ പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ എന്നിവ കുണ്ടറ അഗ്രി കിയോസ്‌കിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കാം. കൂടാതെ മൃഗസംരക്ഷണ മേഖല, കൃഷിയില്‍ നിന്നും ലഭിക്കുന്ന മുട്ട, പാല്‍ എന്നിവയും വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. അതാത് സിഡിഎസുകള്‍ക്കാണ് പ്രവര്‍ത്തന ചുമതല. കിയോസ്‌ക് നടത്തിപ്പിന് സിഡിഎസുകളില്‍ നിന്ന് നിയമിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് 3600 രൂപ വേതനവും പ്രതിമാസ വിറ്റുവരവിന്റെ മൂന്ന് ശതമാനവും ലഭ്യമാക്കും.
പദ്ധതി കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു. കുണ്ടറ സിഡിഎസ് ചെയര്‍പേഴ്സണ്‍ റഷീദാ ബീവി അധ്യക്ഷയായി. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഹാരിസ് മുഹമ്മദ് പദ്ധതി വിശദീകരിച്ചു.