അബുദാബി: പെരുന്നാൾ അവധിക്ക് നാട്ടിൽപോകാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും വൻ തിരിച്ചടിയാണ് വിമാന നിരക്ക് വർധന.
യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ് കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. അവധി അടുക്കും തോറും നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ നൽകുന്ന സൂചന.
അതേസമയം ഫെബ്രുവരിയിൽ ദുബായിൽ നിന്ന് കൊച്ചിയിൽ പോയി വരാൻ ഒരാൾക്ക് 14,000 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 45,000 രൂപയ്ക്ക് മുകളിലാണ്. നാലംഗ കുടുംബത്തിന് പോയിവരാൻ ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ രൂപയാകും. നാട്ടിൽ വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതോടെ ഗൾഫിലേക്ക് പ്രവാസി കുടുംബങ്ങൾ എത്തിത്തുടങ്ങും.
ഏപ്രിൽ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാൻ ഒരാൾക്ക് 60,000 രൂപയ്ക്ക് മുകളിലാകും വിമാന നിരക്ക്. നാലംഗ കുടുംബത്തിന് 2 ലക്ഷത്തിലേറെ രൂപയുമാകും. ഇതേസമയം യാത്ര മാസങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്യുകയും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുകയും ചെയ്തവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.