Your Image Description Your Image Description

സൂറത്ത്: വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്റെ വീടുള്‍പ്പടെയുളള ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവും കുടുംബവും. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ കരേലി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മഹേഷ് ഫുല്‍മാലി എന്ന യുവാവിന്റെ വീടും സമീപത്തെ ഇയാളുടെ കുടുംബക്കരുടെ കെട്ടിടങ്ങളുമാണ് യുവതിയുടെ വീട്ടുകാര്‍ തകര്‍ത്തത്. ഒരാഴ്ച മുമ്പാണ് ആനന്ദ് ജില്ലയിലുള്ള യുവതിയുടെ നാട്ടിലെത്തിയ മഹേഷ് യുവതിയോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് സമീപത്തെ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

എന്നാൽ, പോലീസ് അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് യുവാവിനെ കണ്ടെത്തി നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് യുവതിയുടെ ഭര്‍ത്താവും കുടുബവും ചേര്‍ന്ന് മഹേഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി. മഹേഷിന്റെ സഹോദരിയെ ഉള്‍പ്പടെ അക്രമികള്‍ ഉപദ്രവിച്ചാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മഹേഷിന്റെ വീട്ടിലേക്ക് ബുള്‍ഡോസറുമായി എത്തിയ യുവതിയുടെ കുടുംബം ഇയാളുടെയും കുടുംബക്കാരുടേയും അടക്കം ആറു കെട്ടിടങ്ങള്‍ തകര്‍ക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് യുവാവിന്റെ അമ്മ ആറു പേര്‍ക്കെതിരെ വേഡച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. ബുള്‍ഡോസര്‍ ഡ്രൈവറുള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബുൾഡോസറും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ഗ്രാമ തലവന്റെ സാനിധ്യത്തിലാണ് കെട്ടിടങ്ങള്‍ തകര്‍ത്തതെന്നും യുവാവിനെ കണ്ടെത്തി നല്‍കാന്‍ കുടുംബത്തിന് ആകാത്തതിനാല്‍ അവരുടെ വീടിനു പുറമേയുള്ള അനധികൃത കെട്ടിടങ്ങള്‍ മാത്രമാണ് തകര്‍ത്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *