Your Image Description Your Image Description

നയ്‌പെഡോ: മ്യാൻമറിൽ വൻ നാശം വിതച്ച് ഭൂചലനം. ഇതുവരെ 59 പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 250ലധികംപേർ ചികിത്സയിൽ കഴിയുകയാണ്. മ്യാൻമറിലെ സാഗൈങ്ങിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വടക്കൻ തായ്‌ലൻഡിലും ഭൂചലനം അനുഭവപ്പെട്ടു. ചൈനയിലെ യുനാൻ പ്രവിശ്യയിലും ശക്തമായ ഭൂചലനം ഉണ്ടായതായി ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്റർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 7.9 തീവ്രതയാണ് രേഖപ്പെടുത്തിയത്.

തായ്‌ലൻഡിലും പ്രകമ്പനം ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു. ഭൂചലനം ഉണ്ടായ സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അതേസമയം ബംഗാളിലെ കൊൽക്കത്ത, മണിപ്പൂരിന്റെ ചില ഭാഗങ്ങൾ, ബംഗ്ലാദേശിലെ ധാക്ക, ചാറ്റോഗ്രാം എന്നിവിടങ്ങളിൽ നിന്നും നേരിയ ഭൂചലനം ഉണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ, താമസക്കാർ ഭയന്ന് കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടുന്നത് വ്യക്തമായി കാണാം. ഭൂകമ്പത്തിൽ ബാങ്കോക്കിലെ ഒരുപാട് കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സമുച്ചയങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുണ്ട്. ശക്തമായ ഭൂകമ്പമായതിനാൽ ഉയർന്ന പ്രദേശങ്ങളിലെ അപ്പാർട്ട‌്‌മെന്റുകൾക്ക് സമീപമുണ്ടായിരുന്ന പൂളുകളിൽ നിന്ന് പോലും ജലം പുറത്തേക്കൊഴുകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *