Your Image Description Your Image Description

കൽപ്പറ്റ: വയനാട്ടിൽ ഇന്ന് പെയ്ത മഴയിൽ വ്യാപക നഷ്ടം. വടക്കേ വയനാട്ടിലാണ് ശക്തമായ മഴ പെയ്തത്. പയ്യമ്പള്ളി കുറുക്കൻമൂലയിൽ റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. കുറുക്കൻമൂല പടമല റോഡിന് കുറുകെ ഇലക്ട്രിക് ലൈനിന് മുകളിൽ തെങ്ങ് വീണു.

മക്കിയാട് വീടിന് മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. പ്ലാവില വീട്ടിൽ ആമിനയുടെ വീടിന് മുകളിലാണ് മരം വീണത്. തലപ്പുഴയിലും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. ചുണ്ടങ്ങാക്കുഴി സലീമിന്‍റെ വീടാണ് മരം വീണതിനെ തുടർന്ന് തകർന്നത്. മാനന്തവാടി അഗ്നിരക്ഷാസേന എത്തി വീടിന് മുകളിലും റോഡുകളിലും വീണ മരങ്ങൾ മുറിച്ചു മാറ്റി.

ചെറിയ മരങ്ങൾ അടക്കം വീണതിനെ തുടർന്ന് ഗ്രാമീണ റോഡുകളിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പലയിടങ്ങളിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡിന്‍റെ ഒരു വശം പൊളിച്ചിരുന്നത് മഴ പെയ്തതിനെ തുടർന്ന് ചെളിക്കുളമായി. ചില റോഡുകളിൽ കല്ലുകളടക്കം ഒഴുകി പോയിട്ടുമുണ്ട്. വരും ദിവസങ്ങളിലും വേനൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *