Your Image Description Your Image Description

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാവ്. ചിത്രം 2028ല്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് ഞായറാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെ നിര്‍മാതാവ് രവി ശങ്കര്‍ അറിയിച്ചത്. 2024 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ 2 ആഗോള തലത്തില്‍ വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രം 1750 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

പുഷ്പയുടെ മൂന്നാം ഭാഗമായ ദ റാംപേയ്ജ് എന്തുകൊണ്ട് 2028ല്‍ റിലീസ് ചെയ്യുന്നു എന്നതിനും നിര്‍മാതാവ് വ്യക്തത നല്‍കി. അല്ലു അര്‍ജുന് ആദ്യം അറ്റ്‌ലിയുമായുള്ള സിനിമയും അതിന് ശേഷം തൃവിക്രം ആയുള്ള സിനിമയും പൂര്‍ത്തിയാക്കാനുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലെ രണ്ട് സിനിമകളും പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് നിര്‍മാതാവ് രവി ശങ്കര്‍ അറിയിച്ചത്.

അതേസമയം പുഷ്പയുടെ സംവിധായകനായ സുകുമാര്‍ രാം ചരണുമായുള്ള ചിത്രത്തിന്റെ ജോലികളിലാണ്. അതിന് ശേഷമെ ഇനി സുകുമാര്‍ പുഷ്പ 3യിലേക്ക് വരുകയുള്ളൂ. അടുത്തിടെ ഒരു അഭിമുഖത്തില്‍ പുഷ്പയുടെ ഡയലോഗ് റൈറ്റര്‍ ശ്രീകാന്ത് പുഷ്പ 3യെ കുറിച്ച് സംസാരിച്ചിരുന്നു. പുഷ്പ 2നേക്കാളും വലുതും മികച്ചതുമായിരിക്കും പുഷ്പ 3 എന്നാണ് ശ്രീകാന്ത് പറഞ്ഞത്. മൂന്നാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്കായി പുതിയ കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ വില്ലനായി എത്തുന്നത് ഒരു പ്രശസ്ത ബോളിവുഡ് താരമായിരിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

2021ലാണ് പുഷ്പ ഫ്രാഞ്ചൈസിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തുന്നത്. 350 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം കളക്ട് ചെയ്തത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ മാറിയിരുന്നു. എന്നാല്‍ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. 1750 കോടി നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി ചിത്രം മാറി.

Leave a Reply

Your email address will not be published. Required fields are marked *