Your Image Description Your Image Description

വെറും 105 രൂപ പിഴയടയ്ക്കാന്‍ വാഹന ഉടമകള്‍ക്ക് ചെലവ് 5000 രൂപയിലേറെ. 2018-20-ല്‍ ചെക്‌പോസ്റ്റുകളില്‍ യൂസര്‍ഫീ ഈടാക്കുന്നതില്‍ മോട്ടോര്‍വാഹനവകുപ്പിന് സംഭവിച്ച പിഴവാണ് വര്‍ഷങ്ങള്‍ക്കുശേഷം വാഹന ഉടമകള്‍ക്ക് പണിയായിരിക്കുന്നത്. പിഴ അടയ്ക്കുന്നതിലെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കാരണം വാഹന ഉടമകള്‍ ഇടനിലക്കാര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു.

അതിര്‍ത്തികടന്നുപോയ 80 ശതമാനം ടാക്സി, ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും പിഴകാരണം സേവനവിലക്കുണ്ട്. പഴയ കരിമ്പട്ടികയുടെ പുതിയ രൂപമാണിത്. ഇത് നീക്കം ചെയ്യണമെങ്കില്‍ ആ കാലയളവില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫീസിനെ (മദര്‍ ഓഫീസ്) സമീപിക്കണം. മിക്ക വാഹനങ്ങളും ഉടമസ്ഥാവകാശം കൈമാറി മറ്റു സ്ഥലങ്ങളിലായിരിക്കും. മദര്‍ ഓഫീസിലെത്തി യൂസര്‍ നെയിമും പാസ്വേഡും വാങ്ങിയാല്‍ മാത്രമേ ഓണ്‍ലൈനില്‍ പിഴയടയ്ക്കാനാകു. ശേഷം രശീതി ഹാജരാക്കി വിലക്ക് മാറ്റിയെടുക്കണം.

നേരത്തേ പിഴത്തുക ഓണ്‍ലൈനില്‍ അടച്ച് ഫോണില്‍ വിവരം അറിയിച്ചാല്‍ വിലക്ക് നീക്കുമായിരുന്നു. അടുത്തയിടെ ‘വാഹന്‍’ സോഫ്റ്റ്വേര്‍ പരിഷ്‌കരിച്ചപ്പോള്‍ വിലക്ക് അതത് ഓഫീസുകളില്‍നിന്ന് നേരിട്ട് നീക്കം ചെയ്യുന്ന വിധത്തിലാക്കി. ഇതോടെ നികുതി കണക്കാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവിന് വര്‍ഷങ്ങള്‍ക്കുശേഷം വാഹന ഉടമ ‘വന്‍പിഴ’ നല്‍കേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപവരെ വീണ്ടും അടയ്‌ക്കേണ്ടി വന്നവരുണ്ട്. ഫിറ്റ്നസ് പുതുക്കല്‍, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ ഏതെങ്കിലും സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കുമ്പോഴാകും സേവനവിലക്കുള്ള കാര്യം വാഹന ഉടമ അറിയുക. അപേക്ഷ റദ്ദാക്കിയാലേ വിലക്ക് മാറ്റാനാകൂ. ഇതോടെ അടച്ച ഫീസും നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *