Your Image Description Your Image Description

പരിക്ക് കാരണമോ മറ്റോ ഏതെങ്കിലും ഒരാള്‍ക്ക് ടീമില്‍ തുടരാന്‍ കഴിയാതെ വന്നാല്‍ ഐപിഎല്ലിലേക്ക് പുറത്തുനിന്ന് ഒരാളെ കൊണ്ടുവരാന്‍ ഫ്രാഞ്ചൈസികള്‍ക്ക് കഴിയുമെങ്കിലും അവര്‍ സീസണ്‍ കഴിയുന്നത് വരെ ടീമില്‍ തുടരണമെന്നാണ് നിലവിലെ നിയമം. എന്നാല്‍, ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് മാത്രമായി കളിക്കാരുമായി കരാറുണ്ടാക്കാന്‍ അനുവദിക്കുന്ന പുതിയ നിയമമാണ് ബിസിസിഐ കൊണ്ടുവരുന്നത്.

ഇത്തരത്തില്‍ സീസണിന്റെ ഇടയ്ക്കു വച്ച് താരങ്ങളെ ടീമിലെടുക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി കളിക്കാരുമായി കരാറുണ്ടാക്കാന്‍ അനുമതി നല്‍കുന്ന നിയമം വിക്കറ്റ് കീപ്പര്‍മാര്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് ക്രിക്ബസ് റിപോര്‍ട്ട് ചെയ്തു.

പുതുതായി കരാറുണ്ടാക്കുന്ന താരങ്ങള്‍ സീസണ്‍ അവസാനിക്കുന്നത് വരെ തുടരണമെന്ന നിലവിലെ നിയമത്തിലാണ് മാറ്റം. ശേഷിക്കുന്ന സീസണില്‍ മുഴുവന്‍ പുതുതായി വരുന്ന താരം ഫ്രാഞ്ചൈസിയില്‍ ഇനി തുടരേണ്ടതില്ല. ഒരു ഫ്രാഞ്ചൈസിയുടെ ടീമിലെ എല്ലാ വിക്കറ്റ് കീപ്പര്‍മാരെയും നഷ്ടമായാല്‍ ഇങ്ങനെ പുതിയ കീപ്പറെ ടീമിലെടുക്കാം. ലേലത്തില്‍ വില്‍ക്കപ്പെടാത്ത ഒരു വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാനാണ് അനുവാദമുണ്ടാവുക.
പരിക്കേറ്റ കളിക്കാരന്റെ അടിസ്ഥാന വിലയ്ക്ക് തുല്യമായ പ്രതിഫലമാണ് പുതിയ വിക്കറ്റ് കീപ്പര്‍ക്ക് നല്‍കേണ്ടത്.

ആദ്യത്തെ പ്രധാന താരത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് വരെ ഈ വിക്കറ്റ് കീപ്പറെ ടീമില്‍ നിലനിര്‍ത്താം. പഴയ ആള്‍ തിരിച്ചെത്തിയാല്‍ റീ പ്ലേസ്‌മെന്റ് താരത്തെ നിലനിര്‍ത്തുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള ഓപ്ഷന്‍ ഫ്രാഞ്ചൈസിക്ക് ഉണ്ടായിരിക്കും.
പരിക്ക് കാരണമോ മറ്റോ ഒഴിവാക്കേണ്ടി വരുന്ന കളിക്കാരന്‍ വിദേശ താരമാണെങ്കില്‍ പോലും റീ പ്ലേസ്‌മെന്റ് താരം ഇന്ത്യക്കാരന്‍ ആയിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഫ്രാഞ്ചൈസികള്‍ പകരക്കാരനെ കണ്ടെത്തേണ്ടത് ബിസിസിഐയുടെ റീ പ്ലേസ്‌മെന്റ് പൂളില്‍ നിന്ന് ആയിരിക്കണം. ഐപിഎല്‍ ലേലത്തില്‍ വില്‍ക്കപ്പെടാത്ത കളിക്കാരില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബിസിസിഐയുടെ റീ പ്ലേസ്‌മെന്റ് പൂള്‍ തയ്യാറാക്കുന്നത്.

പകരക്കാരനെ ആവശ്യമുണ്ടെങ്കില്‍ ഈ പൂളില്‍ നിന്ന് ഒരു കളിക്കാരനെ തിരഞ്ഞെടുക്കാമെന്ന് ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.
ഫ്രാഞ്ചൈസികള്‍ക്ക് ആദ്യ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പാണ് റീ പ്ലേസ്‌മെന്റ് അനുവദിക്കുക. ടീമിലെ ഒരു കളിക്കാരന് പരിക്കേറ്റാലോ വ്യക്തിപരമായ കാരണങ്ങളാലോ ദേശീയ ചുമതലകള്‍ വഹിക്കാന്‍ പോകുമ്പോഴോ ആണ് ഇങ്ങനെ പകരം താരവുമായി കരാറുണ്ടാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *