Your Image Description Your Image Description

സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവു അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. കള്ളക്കേസില്‍ കുടുക്കിയതാണെന്ന് പറഞ്ഞുകൊണ്ട്, രന്യ താന്‍ നിരപരാധിയാണെന്നും കത്തില്‍ വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ ബ്ലാങ്ക് പേപ്പറില്‍ തന്നെ കൊണ്ട് ഒപ്പ് വെപ്പിച്ചതായും പറഞ്ഞു. തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ രന്യ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് കത്തയച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേനയാണ് രന്യ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്.

വിമാനത്തിനുള്ളില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തതായും രന്യ കത്തില്‍ ആരോപിക്കുന്നുണ്ട്. ‘കോടതിയില്‍ ഹാജരാക്കുന്നതുവരെ, എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ എന്നെ ശാരീരികമായി ആക്രമിച്ചു, 15-ഓളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയ്യാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ ഞാന്‍ വിസമ്മതിച്ചു,’ രന്യ കത്തില്‍ പറയുന്നു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കൂട്ടിച്ചേർത്തു. കേസില്‍ രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു സ്‌പെഷ്യല്‍ കോടതി തള്ളിയതിന് പിന്നാലെയാണ് രന്യയുടെ കത്ത് പുറത്ത് വരുന്നത്.

കര്‍ണാടക ഐപിഎസ് ഓഫീസറുടെ വളര്‍ത്തുമകളും നടിയുമായ രന്യ 14.8 കിലോഗ്രാം സ്വര്‍ണവുമായി കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെയും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ഡിആര്‍ഐ ആണ് രന്യയെ പിടികൂടിയത്. എയർപോർട്ടിൽ നിന്ന് രന്യയെ പുറത്തേക്ക് കൊണ്ട് വന്നത് ഡിജിപിയായ രണ്ടാനച്ഛന്റെ നിർദേശപ്രകാരമാണെന്ന ഹെഡ് കോൺസ്റ്റബിൾ ബസവരാജുവിന്‍റെ മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രന്യയുടെ രണ്ടാനച്ഛനാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ. രാമചന്ദ്രറാവു. തനിക്ക് സ്വർണക്കടത്ത് കേസിൽ യാതൊരു ബന്ധവുമില്ലെന്നും ബസവരാജു മൊഴി നൽകിയിട്ടുണ്ട്. രാമചന്ദ്രറാവു കേസിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയോ എന്നതിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.

അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയർപോർട്ടിൽ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് മൊഴി ലഭിച്ച സാഹചര്യത്തിൽ രാമചന്ദ്രറാവുവും കുടുങ്ങിയേക്കും. എയർപോർട്ട് പോലീസിന്റെ സുരക്ഷയിൽ ദേഹപരിശോധന ഒഴിവാക്കി രന്യ പുറത്ത് വരുന്ന സിസിടിവി ദൃശ്യങ്ങൾ ഡിആർഐക്ക് കിട്ടിയിരുന്നു. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. എന്നാൽ രന്യ നടത്തിയ നിയമ വിരുദ്ധ ഇടപാടുകളിൽ തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് നേരത്തെ രാമചന്ദ്ര റാവു പറഞ്ഞിരുന്നത്. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് രന്യ റാവു. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോർപ്പറേഷന്റെ ചുമതല വഹിക്കുന്ന ഡിജിപിയാണ് രാമചന്ദ്ര റാവു.

അതിനിടെ രന്യ റാവുവിൻ്റെ വിവാഹ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. നടിയുടെ വിഐപി ബന്ധം കണ്ടെത്താനാണ് അന്വേഷണം. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളും ശേഖരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും ഉൾപ്പെടെയുള്ളവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ പങ്കെടുത്ത് വില കൂടിയ സമ്മാനം നൽകിയവരെയും സിബിഐ അന്വേഷിക്കും. സ്വർണക്കടത്ത് കേസിൽ കൂടുതൽ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് അന്വേഷണം നടത്തുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിൻ്റെ കൂട്ടാളിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുൺ രാജ് വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രന്യ റാവുവിന് സഹായം നൽകിയ ബെംഗളൂരു വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മൂന്ന് ദിവസത്തെ ഡിആര്‍ഐ കസ്റ്റഡിക്ക് ശേഷം രന്യയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *