Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2022ല്‍ നിന്ന് 2025 വരെയെത്തുമ്പോള്‍ പാര്‍ട്ടി ബ്രാഞ്ചുകളുടെ എണ്ണം 38426 ആയി മാറിയിട്ടുണ്ട്. 3247 ബ്രാഞ്ചുകള്‍, 2444 ലോക്കല്‍ കമ്മിറ്റികള്‍, 171ലോക്കല്‍ കമ്മിറ്റികള്‍ എന്നിവ പുതുതായി രൂപീകരിച്ചിട്ടുണ്ട്. 210 ഏരിയാ കമ്മിറ്റികളാണ് പുതുതായി രൂപീകരിച്ചത്.

നേതൃനിരയില്‍ വനിത അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2597 വനിത അംഗങ്ങള്‍ പുതുതായി ബ്രാഞ്ച് സെക്രട്ടറിമാരായി ചുമതലയേറ്റിട്ടുണ്ട്. മൂന്ന് ഏരിയ കമ്മിറ്റികളില്‍ വനിത അംഗങ്ങള്‍ സെക്രട്ടറിമാരായി. 486 പ്രതിനിധികളും 44 അതിഥികളും ഉള്‍പ്പെടെ 530 പേരാണ് സമ്മേളന പ്രതിനിധികള്‍. ഇതില്‍ 75 പേര്‍ സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് വര്‍ഷം പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍ നടപ്പാക്കിയോ എന്നതും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദീകരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

കേരളത്തില്‍ വലതുപക്ഷ ശക്തികളും വര്‍ഗീയശക്തികളും യോജിച്ചിരിക്കുകയാണ്. ഇതൊരു പുതിയ രാഷ്ട്രീയ സാഹചര്യമാണെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ കേരളത്തിലുള്ളത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, മുസ്ലീം ലീഗ്, കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും ആരോപിച്ചു. സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയെ ജയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ പാര്‍ലമെന്റില്‍ എത്തിച്ചത് കോണ്‍ഗ്രസാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് മൃതുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. അതാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുംഎം വി ഗോവിന്ദന്‍ പരാമര്‍ശിച്ചു. വിഷയത്തെ അതീവഗൗരവത്തോടെ പരിശോധിക്കും. നവകേരളത്തിനുള്ള പുതുവഴികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ചര്‍ച്ച ചെയ്യും. പിണറായി വിജയനായിരിക്കും നവകേരള രേഖ അവതരിപ്പിക്കുക. കേരളത്തെ ഒരു പുതുനാടാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാര ഉയര്‍ത്തണം. അതാകും മൂന്നാം പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങളാണ്. മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ കരുത്ത്. അത് പാര്‍ട്ടിക്ക് നന്നായി അറിയാം. കമ്മ്യൂണിസ്റ്റ് വിരുദ്ധത ഇങ്ങനെ പറഞ്ഞ് എന്താണ് നേടാനുള്ളത് എന്ന് മാധ്യമങ്ങള്‍ ആലോചിക്കണം. ആദ്യത്തെ പ്രതിപക്ഷമായി നില്‍ക്കണോ എന്നത് മാധ്യമങ്ങള്‍ ആലോചിക്കണം. ഇടതുപക്ഷ മനസ്സുള്ള കേരളത്തിലെ പ്രധാന ഇടമാണ് കൊല്ലം. ആഴക്കടല്‍ ഖനനം കുത്തക മുതലാളികള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026ല്‍ കേരളത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വരും. മദ്യപാനം അതീവ ഗൗരവമായ പ്രശ്നമായി കാണുമെന്നും ആരെയെങ്കിലും ആ നിലയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *