Your Image Description Your Image Description

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ (തിങ്കളാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്. മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും.

കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. പുതിയ തീയതി കോടതി പിന്നീട് അറിയിക്കും. ഒമ്പതാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയിൽ മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *