Your Image Description Your Image Description

ദുബൈ: റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ദുബൈ എമിറേറ്റിലെ താമസക്കാർക്ക് ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും സംയുക്തമായി ചേർന്ന് വേറിട്ടൊരു മത്സരം നടത്തുന്നു. സ്വന്തം വീടുകൾ അലങ്കരിച്ച് ഭം​ഗിയാക്കുക എന്നതാണ് മത്സരം. നന്നായി അലങ്കരിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും. ഈ മത്സരത്തിന് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷം ദിർഹവും, രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് 60,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 40,000 ദിർഹവും സമ്മാനമായി ലഭിക്കുമെന്ന് ദുബൈ ​ഗവൺമെന്റിൻ്റെ ക്രിയേറ്റീവ് വിഭാ​ഗമായ ബ്രാൻഡ് ദുബൈ പറഞ്ഞു. പങ്കെടുത്ത് വിജയിക്കുന്ന ഏഴുപേർക്ക് രണ്ട് ഉംറ ടിക്കറ്റുകൾ വീതവും ലഭിക്കും. വിജയികളെ റമദാൻ മാസത്തിന്റെ അവസാനമായിരിക്കും പ്രഖ്യാപിക്കുക.

ഇയർ ഓഫ് കമ്യൂണിറ്റിയുടെ ഭാ​ഗമായി നടത്തുന്ന ഈ മത്സരം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ശക്തിപ്പെടുത്തുകയും സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുകയും സമ്പന്നമായ പാരമ്പര്യം നിലവിലെയും ഭാവിയിലെയും തലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ആഘോഷങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സമൂഹത്തിന്റെ സർ​ഗാത്മകതയിലും പുതുമയിലും അഭിവൃദ്ധിപ്പെടുന്ന ന​ഗരമാണ് ദുബൈയെന്നും ബ്രാൻഡ് ദുബൈ ഡയറക്ടർ ഷൈമ അൽ സുവൈദി പറഞ്ഞു.

മത്സരത്തിന്റെ മാർ​ഗ നിർദേശങ്ങൾ താഴെ പറയുന്നവയാണ്;

ദുബൈയിലെ താമസക്കാർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.
വീടിന്റെ മുൻഭാ​ഗം ലൈറ്റുകളും മറ്റ് തോരണങ്ങളും കൊണ്ട് അലങ്കരിക്കണം.
ഇയർ ഓഫ് കമ്യൂണിറ്റി എന്ന പ്രമേയം പ്രതിഫലിപ്പിച്ചുകൊണ്ട് അലങ്കാരങ്ങളുടെ വീഡിയോ ചിത്രീകരിക്കണം.
മത്സരാർത്ഥികൾ ഈ വീഡിയോ അവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി റീലായി പോസ്റ്റ് ചെയ്യണം.
റീലിൽ ബ്രാൻഡ് ദുബൈ, ഫർജാൻ ദുബൈ എന്നിവയെ ടാ​ഗ് ചെയ്യണം.
അവസാന തീയതി മാർച്ച് 21ആണ്.
കാഴ്ചയിൽ ഏറ്റവും ശ്രദ്ധേയവും നൂതനവുമായ അലങ്കാരങ്ങൾ ജ‍‍ഡ്ജിങ് പാനൽ വിലയിരുത്തും. മാത്രമല്ല ഒരു പ്രദേശത്ത് നിന്ന് രണ്ട് വിജയികളെ തിരഞ്ഞെടുക്കുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *