Your Image Description Your Image Description

മനപ്പായസത്തിന് ലേശം മധുരം കൂടിയതുകൊണ്ട് കുഴപ്പമില്ലന്ന് പണ്ടുള്ളവർ പറയുമായിരുന്നു.
കേരളം ഞങ്ങൾ പിടിക്കുമെന്ന് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന കണ്ടപ്പോൾ തോന്നിയതാണ്.
മുകളിലിരുന്ന് കരുക്കൾ നീക്കുന്നത് ഒരുത്തൻ. താഴെത്തട്ടിൽ കോമാളി വേഷം കെട്ടി പാവക്കൂത്ത് നടത്തുന്നത് മറ്റു ചിലർ.

ഇന്നലെ ഡൽഹിയിൽ കേരളത്തിലെ നേതാക്കന്മാരെ വിളിച്ചുവരുത്തി നടത്തിയ പ്രഹസനം കണ്ടപ്പോൾ തോന്നിയതാണ്. മല്ലികാർജുന കാർഗെ, രാഹുൽ ഗാന്ധി, കേ സി വേണുഗോപാൽ, ദീപ ദാസ് മുൻഷി എന്നീ നാല് പേർ വണ്ടിക്കൂലി മുടക്കി കേരളത്തിലേക്ക് എഴുന്നള്ളി ഇവിടുത്തെ കാര്യങ്ങൾ വിലയിരുത്തി നടത്തേണ്ട ഒരു അവലോകനയോഗം നടത്താൻ 40 പേരെ ഡൽഹിക്ക് വിളിച്ചു വരുത്തി.

കോൺഗ്രസുകാരെ പ്രത്യേകിച്ച് വിഡി സതീശൻ ഇപ്പോൾ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതന്നാണ് തോന്നുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ 100 സീറ്റ് കിട്ടുമെന്ന് ഒരു വിഡ്ഢിയായ കോൺഗ്രസുകാരന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.

65 സീറ്റ് കോൺഗ്രസിന് തനിയെ കിട്ടുമെന്ന് പറയുമ്പോൾ വി ഡി സതീശൻ ഒരു വിഡ്ഢി കൂഷ്മണ്ഡമാണന്ന് സ്വയം വെളിപ്പെടുത്തുകയാണ്. പിന്നെ അദ്ദേഹത്തിന്റെ എളിമ എനിക്കിഷ്ടപ്പെട്ടു. താൻ മുഖ്യമന്ത്രിയാകാനില്ലന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ,പണ്ട് കുറുക്കൻ പറഞ്ഞത് തന്നെയാണ് , കിട്ടാത്ത മുന്തിരി പുളിക്കും.

കണ്ടോണ്ട് നിന്നവർക്ക് മനസ്സിലായ ഒരു കാര്യമുണ്ട് കെസി വേണുഗോപാൽ, എ കെ ആന്റണിക്ക് പഠിക്കുകയാണ് . കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മൊത്തം കോൺഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചയാളെ മാതൃകയാക്കി തന്നെ വേണം പഠിക്കാൻ.

താനാണ് ഇവിടെ അധികാരി എല്ലാവർക്കും മേധാവി എന്ന് മാളോരെ ബോധ്യപ്പെടുത്തുവാൻ വേണ്ടി നടത്തുന്ന ഒരുതരം അഭ്യാസം. അതിന് ശിഖണ്ഡിയെപ്പോലെ മുന്നിൽ നിർത്തിയിരിക്കുന്നത്
വി ഡി സതീശനെയും.

വി ഡി സതീശന്റെ ധാർഷ്ടിവും അവിവേകവും അഹങ്കാരവും കുറച്ചൊന്നുമല്ല കോൺഗ്രസിനെ പിന്നോട്ട് നയിക്കുന്നത്. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അത് മനസ്സിലാക്കുവാൻ താൽപര്യം കാണിക്കാതെ താൻ പിടിച്ച മുയലിന് നാലുകൊമ്പ് ,എന്ന മട്ടിലുള്ള പോക്ക് സതീശനെ കോൺഗ്രസുകാരിൽ നിന്ന് കുറച്ചൊന്നുമല്ല അകറ്റിയിരിക്കുന്നത്. ഇത് മുതലാക്കുകയാണ് കെസി വേണുഗോപാൽ.

പണ്ട് എ കെ ആന്റണിക്ക് അങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നു. ഏതെല്ലാം നേതാക്കൾ ഡൽഹിയിൽ വന്നുവെന്നും അവരിൽ ആരെല്ലാം , തന്നെ കാണാതെ പോയിയെന്നും കൃത്യമായ കണക്ക് അദ്ദേഹം സൂക്ഷിച്ചിരുന്നു. അത് പോലെയാണ് കെസി വേണുഗോപാലിപ്പോൾ.

വരുന്ന മുഴുവൻ നേതാക്കളും തന്നെ സന്ദർശിച്ചു പോകണമെന്നും താനാണ് ഇതിന്റെ എല്ലാം ഉടമസ്ഥനെന്നുമുള്ള മട്ടിലാണ് വേണുഗോപാലലിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചെന്നിത്തലയെ മാറ്റി സതീശനെ നിശ്ചയിച്ചത് തന്നെ , ഒരവസരം ഒത്തു വന്നാൽ എല്ലാവരും കൂടി ഒരുമിച്ച് ചേർന്ന് എടുത്തുമാറ്റാൻ കൊള്ളാവുന്ന ഒരാൾ വേണം അതു തന്നെയാണ്.

അത്ര അപക്വമായ പ്രവർത്തികളാണ് സതീശന്റെ കൈയിൽ നിന്നും പുറത്തു വരുന്നത്. തീരെ സഹിക്കാഞാണു , ഒരു ദിവസം കെ സുധാകരൻ രോമനാഥനെന്ന് വിളിച്ചത്. ഒരു പ്രതിപക്ഷ നേതാവിന് വേണ്ട പക്വതയില്ലന്നത് പോട്ടെ. ഒരു പ്രാദേശിക നേതാവിന് വേണ്ട പക്വതയെങ്കിലും അയാൾ സ്വയാത്തമാക്കേണ്ടതായിരുന്നു.

കെ സുധാകരനെയും എം എം ഹസ്സനെയും പോലെയുള്ള നേതാക്കന്മാരെ പരസ്യമായി തിരുത്തുന്നുവെന്നെല്ലാം പറയുന്നത് , ഒരുതരം ബാലാരിഷ്ടത മാറാത്ത കുട്ടികളുടെ പരിപാടിയാണ്. ഇയാളെ ഒക്കെ വച്ചിട്ടാണ് കേരളം പിടിക്കാൻ പോകുന്നത്. അതിനൊപ്പം കെപിസിസി പ്രസിഡണ്ടാകാൻ നടക്കുന്ന വീരന്മാരെ പറ്റി പഠിച്ചാൽ അതിലും രസകരമാണ്.

75 വയസ്സുള്ള സുധാകരനെ മാറ്റിയിട്ട് 75 ലേക്ക് ഓടിയടക്കുന്ന നേതാക്കന്മാരെയാണ് പ്രസിഡണ്ട് ആക്കാൻ ശ്രമിക്കുന്നത്. അതിനിടയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ സതീശൻ പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം സതീശന് നേരെ തന്നെ തിരിഞ്ഞു കുത്തുന്നു .

കാരണം ഇതെല്ലാം കോൺഗ്രസുകാർ കാലാകാലങ്ങളിൽ ചെയ്തു വച്ചിരിക്കുന്ന ഉടായിപ്പ് വേലകൾ തന്നെയാണ്. ഒന്നാമതായി വന നിയമത്തിനെതിരെ സതീശന്റെ നേതൃത്വത്തിൽ ഒരു തെക്ക് വടക്ക് യാത്ര നടന്നു. കർഷകരെല്ലാം മണ്ടന്മാരാണന്ന ധാരണയിലാണ് സതീശന്റെ യാത്ര.

കേന്ദ്ര വന നിയമത്തിന്റെ പേര് പറഞ്ഞ് , വിതരണം ചെയ്ത പട്ടയം തിരിച്ചു വാങ്ങിച്ചതും ,പട്ടയവിതരണം നിർത്തിവച്ചതും എല്ലാം കോൺഗ്രസുകാർ തന്നെയാണ്. പഴയകാലങ്ങളിൽ കോൺഗ്രസിലെ ഓരോ നേതാക്കൾ ചെയ്ത തെറ്റിന്റെയും പ്രായശ്ചിത്തം ചെയ്യേണ്ടത് സതീശന്റെ കടമയായി മാറി.

72 ലെ കേന്ദ്ര വന നിയമപ്രകാരമാണ് ഇവിടുത്തെ കാര്യങ്ങൾ മുഴുവൻ നടക്കുന്നതെന്ന് സതീശന് മാത്രം അറിയില്ല. അതുപോലെയാണ് കഴിഞ്ഞദിവസം സതീശൻ പറഞ്ഞത് കേരളം മയക്കുമരുന്നിന്റെ ഹബ്ബ് ആയിയെന്ന്. 1996 ൽ എ കെ ആന്റണി കൊണ്ടുവന്ന ചാരായ നിരോധനവും അതോടൊപ്പം ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് അമിതമായ വില കൂട്ടിയതുമാണ് ഇതിന്റെ എല്ലാം അടിസ്ഥാന കാരണമെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം.

പാവം സതീശന് മാത്രം ഇതൊന്നും അറിയാൻ മേല. സതീശന് ഇനി രക്ഷപ്പെടാൻ ഒരു മാർഗമേയുള്ളൂ. 72 ലെ കേന്ദ്ര വന നിയമം അന്നത്തെ സാഹചര്യത്തിൽ സൃഷ്ടിച്ച ഒന്നാണെന്നും , അതിന് കാലോചിതമായ മാറ്റം വരുത്തണമെന്നും ഏറ്റു പറയുക. ഒപ്പം ചാരായ നിരോധനം പരാജയമായിരുന്നുവെന്നും വിദേശമദ്യത്തിന്റെ വില കുറച്ച് വിതരണം ചെയ്യണമെന്നും , ചാരായ നിരോധനം കേരളത്തോട് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ തെറ്റാണന്നും ഏറ്റുപറയുകയും കേരള ജനതയോട് മാപ്പ് ചോദിക്കുകയും ചെയ്യണം.

മാർപ്പാപ്പ പോലും പല കാര്യങ്ങളിലും തെറ്റ് ഏറ്റുപറഞ്ഞ് കാലത്തിനനുസൃതമായി മാപ്പ് പറഞ്ഞിട്ടുള്ള ഈ ലോകത്ത് സതീശൻ മാപ്പ് പറഞ്ഞെന്ന് കരുതി വലിയ അഭിമാനക്ഷതം ഒന്നും ഉണ്ടാകില്ല. കാലോചിതമായ മാറ്റം എല്ലാവർക്കും ആവശ്യമാണന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം ഉണ്ടാകണം.

ഇന്നത്തെ നിലയിൽ കോൺഗ്രസ് എത്ര പരിശ്രമിച്ചാലും എൽഡിഎഫ് തന്നെ മൂന്നാമതും അധികാരത്തിൽ വരും. ഏതെങ്കിലും രീതിയിൽ 2026 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ ഡൽഹിയിൽ നിന്ന് കെട്ടി ഇറക്കിയ മുഖ്യമന്ത്രി കേരളത്തിൽ അധികാരമേൽക്കും. ഇല്ലെങ്കിൽ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും പാവം വി ഡി സതീശന്റെ തലയിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *