Your Image Description Your Image Description

ഫ്ലോറിഡ: പുതിയ ചാന്ദ്ര ദൗത്യത്തിന്‍റെ പിന്നാലെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇന്‍റൂയിറ്റീവ് മെഷീന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ അഥീന മൂണ്‍ ലാന്‍ഡറും നാസയുടെ ലൂണാര്‍ ട്രെയില്‍ബ്ലേസറും ചന്ദ്രനിലേക്ക് അയച്ചിരുന്നു.

വിക്ഷേപണത്തിന് പിന്നാലെ മാതൃഗ്രഹമായ ഭൂമിയുടെ സെല്‍ഫി ദൃശ്യങ്ങള്‍ അഥീന മൂണ്‍ ലാന്‍ഡര്‍ പകർത്തിയിരുന്നു.’അഥീന ലാന്‍ഡര്‍ സുഖമായിരിക്കുന്നു, ഭൂമിയിലേക്ക് സെല്‍ഫികള്‍ അയക്കുന്നു, സൗരോര്‍ജത്താല്‍ ചാര്‍ജ് ചെയ്യപ്പെടുന്നു, ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നൊരുക്കമായി എഞ്ചിന്‍ ജ്വലനങ്ങള്‍ക്കായി തയ്യാറെടുക്കുന്നു, അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാനായി ഇന്‍റൂയിറ്റീവ് മെഷീന്‍സ് മാര്‍ച്ച് ആറാം തിയതി കണക്കുകൂട്ടുന്നു’- എന്നും കമ്പനി ട്വീറ്റ് ചെയ്തു.

നാസ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന ഈ ചാന്ദ്ര ദൗത്യം ഐഎം-2 (IM-2) എന്നാണ് അറിയപ്പെടുന്നത്. അതായത് നാസയുടെ കൊമേഴ്സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസിന്‍റെ (CLPS) ഭാഗം. ഹൂസ്റ്റന്‍ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഇന്‍റൂയിറ്റീവ് മെഷീന്‍സ് നിര്‍മ്മിച്ച രണ്ടാം മൂണ്‍ ലാന്‍ഡറാണ് അഥീന. അഥീനയുടെ പ്രധാന ജോലി ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയുക എന്നതാണ്.

അഥീന പേടകം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്താണ് ഇറങ്ങുക. ലാന്‍ഡിംഗ് വിജയകരമെങ്കില്‍ ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത് ഇറങ്ങുന്ന ചാന്ദ്ര പേടകമായിരിക്കും ഇത്. തണുത്തുറഞ്ഞ ജലം മറഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഗര്‍ത്തങ്ങള്‍ക്ക് സമീപമായിരിക്കും ആകാംക്ഷകള്‍ നിറച്ച് അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും.

Leave a Reply

Your email address will not be published. Required fields are marked *