Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍. കടല്‍മണല്‍ഖനനത്തിന് എതിരായ സമരജാഥയില്‍ പങ്കെടുക്കുന്നതിനാലാണ് യോഗത്തിനെത്താത്തതെന്ന് മുരളീധരന്‍ പറഞ്ഞു. അതൃപ്തി കാരണമാണോ പോകാത്തത് എന്ന ചോദ്യത്തിന് തൃപ്തിയുള്ളവര്‍ക്കല്ലേ അതൃപ്തി ഉണ്ടാകൂ എന്നായിരുന്നു മുരളിയുടെ മറുപടി. അതൃപ്തി ഒട്ടുമില്ല, തൃപ്തി കുറേക്കാലമായി ഇല്ല എന്നും മുരളി പറഞ്ഞു. ‘‘പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് ഞാന്‍ നിയമസഭയിലും പാര്‍ലമെന്റിലും ഒക്കെ പോയത്. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ട ബാധ്യത എനിക്കുണ്ട്.’’– മുരളീധരന്‍ പറഞ്ഞു.

കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘‘അദ്ദേഹം തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ആരോഗ്യമുണ്ടല്ലോ. പിന്നെ എന്താണ് പ്രസിഡന്റാകാന്‍ ആരോഗ്യം പോര എന്നു പറയുന്നത്. ഞാന്‍ അതിനോട് യോജിക്കുന്നില്ല. പക്ഷേ കോണ്‍ഗ്രസിന്റെ നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. പാര്‍ട്ടി പുനഃസംഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിപ്പോള്‍. സംസ്ഥാന അധ്യക്ഷപദവി ഉള്‍പ്പെടെ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും താല്‍പര്യമില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കും. എന്നോട് അഭിപ്രായം ചോദിച്ചാല്‍ പറയും. പ്രതിപക്ഷ നേതാവിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.’’- മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *