Your Image Description Your Image Description

വാഷിംഗ്‌ടണ്‍: റീൽസിന് വേണ്ടി മാത്രം പുതിയൊരു ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി മെറ്റ. ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക്‌ടോക്കിനോട് ഏറ്റുമുട്ടാൻ വേണ്ടിയാണ് മെറ്റയുടെ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. റീൽസിനായുള്ള പ്രത്യേക ആപ്പ് ഇൻസ്റ്റ എത്രയും വേഗം തന്നെ പുറത്തിറക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആപ്പ് ആദ്യം അവതരിപ്പിക്കുക യുഎസിലാണ്. തുടർന്ന് ആഗോള തലത്തിലും ആപ്പ് എത്തുമെന്നാണ് കരുതുന്നത്.

യുഎസില്‍ ഇന്‍സ്റ്റഗ്രാമും ടിക്‌ടോക്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മെറ്റ പുതിയ ആപ്പിനെ കുറിച്ചാലോചിക്കുന്നത്. റീല്‍സുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാനാണ് ഇന്‍സ്റ്റ ശ്രമിക്കുന്നതെന്ന് വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് മെറ്റയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ലഭ്യമാകുന്ന വിവരമനുസരിച്ച് പുതിയ ആപ്പിന്‍റെ ലോഞ്ച് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ടിക്‌ടോക്കുമായി മത്സരിക്കാന്‍ 2018ല്‍ മെറ്റ ലസ്സോ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയെങ്കിലും പിന്നീടത് നിര്‍ത്തലാക്കിയിരുന്നു.

എന്നാൽ, അമേരിക്കയില്‍ ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോക്കിന്റെ ഭാവി ഇപ്പോഴും തുലാസിലാണ്. ഇതിനിടെയാണ് മെറ്റയുടെ പുതിയ ആപ്പ് അവതരിപ്പിക്കാനുള്ള നീക്കം. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ടിക്‌ടോക്കിന്‍റെ വിലക്ക് 75 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോ ബൈഡന്‍ ഭരണകൂടമാണ് ടിക്‌ടോക്കിനെ അമേരിക്കയില്‍ വിലക്കാന്‍ തീരുമാനമെടുത്തത്. വിലക്ക് സുപ്രീം കോടതിയും ശരിവെച്ചിരുന്നു.

വിലക്ക് അവസാനിച്ച ശേഷം ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്ക് ഉള്‍പ്പടെ പല യുഎസ് ടെക് ഭീമന്‍മാരും ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ വിജയിച്ചാൽ ടിക്ടോക്കിന്‍റെ ഉടമകളായ ബൈറ്റ്‌ഡാന്‍സിനും പങ്കാളിയാവുന്ന യുഎസ് കമ്പനിക്കും ടിക്‌ടോക്കിന്‍റെ യുഎസ് ബിസിനസില്‍ 50 ശതമാനം വീതമായിരിക്കും ഉടമസ്ഥാവകാശം എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *