Your Image Description Your Image Description

സർക്കാർ നടത്തുന്ന ചാറ്റ് പ്ലാറ്റ്‌ഫോമിൽ ലൈംഗികത പ്രകടമാക്കുന്ന ചാറ്റുകളിൽ ഏർപ്പെട്ടതിന് 100-ലധികം അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതായി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. 15 ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികളും റദ്ദാക്കുമെന്ന് ഗബ്ബാർഡ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ദേശീയ സുരക്ഷാ ഏജൻസി (എൻ‌എസ്‌എ) കൈകാര്യം ചെയ്യുന്ന ചാറ്റ് പ്ലാറ്റ്‌ഫോം രഹസ്യ ചർച്ചകൾക്കായി ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ ലിംഗ പരിവർത്തന ശസ്ത്രക്രിയയെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടെയുള്ള വ്യക്തമായ സംഭാഷണങ്ങൾക്കായി ചാറ്റ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.

ചാറ്റുകൾ സംബന്ധിച്ച റിപ്പോർട്ട് ആദ്യം വെളിപ്പെടുത്തിയത് യാഥാസ്ഥിതിക പ്രവർത്തകനായ ക്രിസ്റ്റഫർ റൂഫോ ആണ്. സിറ്റി ജേണലിൽ ആണ് ആദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിനെത്തുടർന്ന് ചാറ്റിൽ ഉൾപ്പെട്ടവരെ നീക്കം ചെയ്യാൻ ഗബ്ബാർഡ് നിർദ്ദേശം നൽകുകയായിരുന്നു. ചാറ്റിൽ ഏർപ്പെട്ടവർ വിശ്വാസ ലംഘനം നടത്തിയെന്നും പ്രൊഫഷണൽ മാനദണ്ഡങ്ങളുടെ ലംഘനം നടത്തിയെന്നും ഗബ്ബാർഡ് പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ചയ്ക്കകം ഈ ചാറ്റുകളിൽ പങ്കെടുത്ത ജീവനക്കാരെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഇന്റലിജൻസ് ഏജൻസികൾക്കും ഒരു മെമ്മോ അയച്ചിട്ടുണ്ടെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഓഫീസിന്റെ വക്താവ് അലക്സാ ഹെന്നിംഗ് എക്‌സിൽ സ്ഥിരീകരിച്ചു.

സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം പരിഹരിക്കുന്നതിനായി അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് എൻഎസ്എ വിവാദം അംഗീകരിച്ചു. കൂടാതെ ഒരു ചെറിയ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മുഴുവൻ ഇന്റലിജൻസ് സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നില്ലെന്നും ഏജൻസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *