ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്ന് ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടി. ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് അഭയം തേടിയെത്തിയത്. ഇരുവരും കായംകുളത്ത് എത്തിയ ശേഷമാണ് വിവാഹിതരായത്. ഇവരെ തേടി ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാൻ തയ്യാറായില്ല. ജാർഖണ്ഡിൽ തങ്ങൾ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികൾ അറിയിച്ചു.
അതേ സമയം, ഇരുവരും പ്രായപൂർത്തിയായവരാണെന്നും സംരക്ഷണം നൽകുമെന്നും കായംകുളം ഡിവൈഎസ്പി അറിയിച്ചു. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 9നാണ് ഇരുവരും കേരളത്തിൽ എത്തിയത്. ഫെബ്രുവരി 11 ഓടെ ഇരുവരും വിവാഹിതരായി. ഗൾഫിൽ ആയിരുന്ന ഗാലബ് മുഹമ്മദ് കായംകുളം സ്വദേശിയായ സുഹൃത്ത് മുഖേനയാണ് കേരളത്തിൽ എത്തിയത്.