Your Image Description Your Image Description

പ്രയാഗ് രാജ് : യുപിയിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള നാളെ സമാപിക്കും. ശിവരാത്രി ദിനത്തിൽ ലക്ഷക്കണക്കിന് ഭക്തർ പ്രധാന സ്നാനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. നിലവിൽ 63 കോടിയിലധികം പേര് സ്‌നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്. ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ അറിയിച്ചത്.

2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിൻ്റെയും മുഴുവൻ നഗരത്തിൻ്റെയും മേൽനോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകൾ വഴി 24/7 വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രാജേഷ് ദ്വിവേദി നേരത്തെ വിശദമാക്കിയത്. മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്.

അതേസമയം, തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം എന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം. മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയപ്പെടുകയാണെന്നായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് ജയ ബച്ചൻ ഉൾപ്പെടെ ആരോപിച്ചത്. എന്നാൽ, ലോകോത്തര സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്രയും പേര് മേളയിൽ പങ്കെടുത്തത് എന്നും പ്രതിപക്ഷം പക്ഷപാതിത്വം കൊണ്ട് അന്ധരായി എന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകുന്ന മറുപടി. എന്നാൽ കുംഭമേള നടക്കുന്ന പ്രയാ​ഗ് രാജിലെ നദിയിൽ വിസർജ്യ ബാക്ടീരിയ കണ്ടെത്തിയതായി യുപി മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് ഉയർന്ന നിലയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *