Your Image Description Your Image Description

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ 72 മണിക്കൂറായിട്ടും പുറത്തെത്തിക്കാനായില്ല. നാഗര്‍കര്‍ണൂലില്‍ ജലസേചന പദ്ധതിയുടെ തുരങ്കം തകര്‍ന്ന് എട്ടുപേരാണ് കുടുങ്ങിയിരിക്കുന്നത്. ഇതുവരെ രക്ഷാപ്രവർത്തനത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. എസ്.ഡി.ആർ.എഫ്, ഇന്ത്യൻ സൈന്യം എന്നിവർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. തൊഴിലാളികൾ കുടുങ്ങിയ തുരങ്കത്തിൽ ചെളിയും വെള്ളവും ഉള്ളത് രക്ഷാപ്രവർത്തനത്തിന് തടസമാവുന്നുണ്ട്.

തുരങ്കത്തിൽ മണ്ണിടിയാനുള്ള സാധ്യത മുന്നിൽകണ്ട് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 40 മീറ്റര്‍ അടുത്തുവരെയെത്തിയ രക്ഷാ സംഘത്തിന് അപകടത്തില്‍പെട്ടവരില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ കുറയുകയാ‌ണെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച തെലങ്കാന മന്ത്രിയും വിശദീകരിച്ചു.

2023ൽ ഉത്തരാഖണ്ഡിലെ സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘത്തെ എത്തിച്ചിട്ടുണ്ട്. പരമാവധി തുരങ്കത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു തുറന്നുപറഞ്ഞു. രണ്ട് എൻജിനീയർമാർ, രണ്ട് മെഷീൻ ഓപ്പറേറ്റർമാർ, നാല് തൊഴിലാളികൾ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിൽ കുടുങ്ങിയത്. ഉത്തർ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ജാർഖണ്ഡ് സ്വദേശികളാണിവർ.

രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും തെലങ്കാന മന്ത്രി വ്യക്തമാക്കി. നാവിക സേനയുടെ മാര്‍ക്കോ കമാന്‍ഡര്‍മാരും കരസേനയിലെ എന്‍ജിനിയറിങ് വിദഗ്ധരും ദുരന്തനിവാരണ സേനാംഗങ്ങളും ഉള്‍പെട്ട ദൗത്യസംഘത്തിന് അപകടമേഖലയിലേക്ക് കടക്കാനായി. പാറതുരക്കുന്ന ബോറിങ് മെഷീനും കോണ്‍ക്രീറ്റ് ഭാഗങ്ങളും കല്ലും ചെളിയുമെല്ലാം കൂടിക്കലര്‍ന്ന് 10 മീറ്റര്‍ വ്യാസമുള്ള തുരങ്കം അടഞ്ഞതോടെ മൂന്നോട്ടുപോകുന്നത് അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്.

തുരങ്കത്തിന്റെ മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *