Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍സുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആര്‍എല്‍ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാന്‍ (23) വെട്ടിക്കൊന്നത്. ഇതില്‍ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകര്‍ന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരന്‍ അഹസാന്‍ (13), ഉമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, വാപ്പയുടെ ഉമ്മ സല്‍മാ ബീവി, വാപ്പയുടെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.

പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. ഉമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തെ സ്‌പെയര്‍പാര്‍ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *