Your Image Description Your Image Description

മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നെന്നു മാത്രമല്ല, ശശി തരൂർ തുറന്നുപറഞ്ഞിരിക്കുന്നത്; മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ മുന്നിൽ നിർത്തിയാലേ യുഡിഎഫ് വിജയിക്കൂവെന്നുമാണ് . സ്വയം മുഖ്യമന്ത്രി സ്ഥാനാർഥിയായി തരൂർ അവതരിക്കുന്നതിനെ ആശ്ചര്യത്തോടെയാണു രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.

പ്രവർത്തകസമിതി അംഗം എന്ന നിലയിലും സ്വീകാര്യത കണക്കിലെടുത്തും മുഖ്യമന്ത്രിസ്ഥാനം തരൂർ ആഗ്രഹിക്കുന്നത് സ്വാഭാവികമാകാം. പക്ഷേ, സംസ്ഥാന നേതൃനിരയുടെ ഭാഗമായല്ല അദ്ദേഹം പ്രവർത്തിക്കുന്നത്. തലസ്ഥാനത്തോ കേരളത്തിലോ അദ്ദേഹം ഉണ്ടാകുന്ന ദിവസങ്ങൾതന്നെ കുറവാണ്.

ലോക്സഭാംഗവും പ്രവർത്തകസമിതി അംഗവും പാർലമെന്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം തരൂരിനെ കാണുന്നത്.

ഈ പദവികളെല്ലാം ഉണ്ടെങ്കിലും അർഹമായ റോളൊന്നുമില്ലെന്നാണ് തരൂർ വിശ്വസിക്കുന്നത് . അതുകൊണ്ട് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ മനസ്സിലാക്കുന്നത് .

ആ ആഗ്രഹം പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്; അതു നിറവേറ്റപ്പെട്ടില്ലെങ്കിൽ വേറെ വഴി നോക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. അതു മറ്റൊരു പാർട്ടിയിൽ ചേരാനുള്ള പുറപ്പാടല്ലെന്നും എഴുത്തിന്റെയും വായനയുടെയും വഴിയാണെന്നും വിശദീകരിച്ചെങ്കിലും അങ്ങനെ സ്വതന്ത്രനായി തുടരുക എളുപ്പമല്ലെന്നും പാർട്ടി പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേർത്ത് ആശയക്കുഴപ്പം നിലനിർത്തുന്നുമുണ്ട്.

തിരുവനന്തപുരത്ത് നിഷ്പക്ഷ വോട്ടുകളടക്കം നേടി , കൈവരിച്ച വിജയത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തന്നെ പറിച്ചുനടാൻ കഴിയുമെന്ന തരൂരിന്റെ അവകാശവാദത്തെ കോൺഗ്രസ് നേതാക്കൾ അതേപടി അംഗീകരിക്കുന്നില്ല.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേരിയ വിജയത്തോടെ കടന്നുകൂടുക മാത്രമാണ് തരൂർ ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബിജെപി സ്ഥാനാർഥി ജയിക്കരുതെന്ന വാശിയോടെ പല വിഭാഗങ്ങൾ ഒരുമിച്ചത് തരൂരിന് അനുഗ്രഹമാവുകയായിരുന്നു.

മുസ്‌ലിം ലീഗും എൻഎസ്എസും ഇടക്കാലത്തു നൽകിയ പിന്തുണ, കോൺഗ്രസ് നേതൃത്വത്തിൽ ചില ചർച്ചകൾക്ക് വഴി തുറന്നിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും സാഹചര്യം അങ്ങനെയാണെന്ന് അവർ വിലയിരുത്തുന്നില്ല.

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നയാൾ എൽഡിഎഫ് സർക്കാരിനെ പുകഴ്ത്തിയാണോ വഴി തുറക്കേണ്ടതെന്ന ചോദ്യവും ചിലർ മുന്നോട്ട് വയ്ക്കുന്നു . അവഗണിച്ചാൽ ഇടതുപക്ഷത്തേക്കു പോകുമെന്ന പ്രചാരണമുണ്ടെങ്കിലും അതു പലരും ഗൗരവത്തിൽ കാണുന്നില്ല.

പുറത്തുനിന്നൊരാളെ ക്ഷണിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുന്ന രീതി സിപിഎമ്മിനു തീരെയില്ല. കോൺഗ്രസിന്റെ സ്ഥിതി വഷളാക്കാൻ തരൂർ തുനിഞ്ഞാൽ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും സിപിഎമ്മിന്റെ നയം.

വേറെ വഴി നോക്കുമെന്ന് തരൂർ ഉദ്ദേശിക്കുന്നത് ബിജെപിയെയാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ടെങ്കിലും ആ പാർട്ടിക്കെതിരെ ആശയപരമായി ഉറച്ച നിലപാട് എടുത്തിട്ടുള്ളതിനാൽ തടസ്സങ്ങളേറെയാണ്. നേതൃത്വം തന്നെ വിലമതിച്ചേ തീരൂവെന്ന ആവശ്യമാണ് തരൂരിന്റെ വാക്കുകളിലുള്ളത്.

പക്ഷേ സ്വയം പരസ്യപ്പെടുത്തിയും സമ്മർദം ചെലുത്തിയുമാണോ അതു ചെയ്യേണ്ടതെന്ന സന്ദേഹം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരിലുമുണ്ട്. തരൂരിന്റെ പ്രസ്താവനകളിൽ അനിഷ്ടം പ്രകടിപ്പിച്ച് ചില പ്രതികരണങ്ങളുണ്ടായെങ്കിലും അത് അവഗണിക്കാനാണു കോൺഗ്രസിന്റെ തീരുമാനം.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപു നൽകിയ അഭിമുഖമാണെന്ന് പറയുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്കു ശേഷവും തരൂർ ‘തണുത്തു’ എന്ന വിലയിരുത്തൽ നേതാക്കൾക്കില്ല. അതുകൊണ്ടുതന്നെ തുടർന്നും തന്റെ അതൃപ്തി പ്രകടിപ്പിച്ചേക്കാമെന്നാണു സംസ്ഥാന നേതൃത്വം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *